Headlines

മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നാളെ വ്യപക തിരച്ചിൽ നടത്തും; റേഷൻകാർഡുകൊണ്ടുള്ള വിവര ശേഖരണം നടക്കുന്നു; കാണാതായവരെ കുറിച്ച് വിവരം നൽകാൻ ആളില്ലാത്ത അവസ്ഥയെന്നും മന്ത്രി




കൽപറ്റ: മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നാളെ വ്യപക തിരച്ചിൽ നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. കാണാതായവരെ കുറിച്ച് വിവരം നൽകാൻ ആളില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത് അതിനാൽ റേഷൻകാർഡുകൊണ്ടുള്ള വിവര ശേഖരണം ആണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. മറ്റിടങ്ങളിലേക്ക് മാറിപ്പോയവർ, മരണപ്പെട്ടവർ എന്നിങ്ങനെ പട്ടികപ്പെടുത്തിയാലേ കാണാതായവരുടെ എണ്ണം ലഭിക്കൂ എന്നും അദ്ദേഹം അറിയിച്ചു.


ബെയ്ലി പാലത്തിന്റെ നിർമാണം വ്യാഴാഴ്ച ഉച്ചയ്ക്ക് മുൻപ് പൂർത്തിയാകുമെന്നും ഇതോടെ വലിയ വാഹനങ്ങൾക്ക് ദുരന്തമേഖലയിലേക്ക് കടക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പാലം ഇല്ലാതെ കൂടുതൽ സംവിധാനങ്ങൾ അപകടപ്രദേശത്ത് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കളക്ടറേറ്റിൽ ബുധനാഴ്ച രാത്രി ചേരുന്ന യോഗത്തിൽ വ്യാഴാഴ്ച നടത്തേണ്ട രക്ഷാദൗത്യത്തിന്റെ പൂർണ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘കൂടുതൽ ജെസിബികൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ബെയ്ലി പാലത്തിലൂടെ എത്തിച്ച് തകർന്ന വീടുകളുടെ മേൽക്കൂര ഉയർത്തി ഇതിനകത്ത് കുടുങ്ങിയവരെ തിരയും. മണ്ണിനടിയിലും മരങ്ങൾക്കിടയിലും അകപ്പെട്ടവരേയും കണ്ടെത്തും. കാണാതായവർ എത്രപേരുണ്ട് എന്നതിൽ കൃത്യമായ വിവരം ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ്. കാണാതായവരെ കുറിച്ച് വിവരം നൽകാൻ ഒരാളുപോലും ബാക്കിയില്ലാത്ത അവസ്ഥയാണ്. റേഷൻകാർഡ് ഉപയോഗിച്ചുള്ള വിവരശേഖരണമാണ് ഇപ്പോൾ നടക്കുന്നത്. ക്യാമ്പുകളിലും ആശുപത്രിയിലും ഉള്ളവർ, മറ്റിടങ്ങളിലേക്ക് മാറിപ്പോയവർ, മരണപ്പെട്ടവർ എന്നിങ്ങനെ പട്ടികപ്പെടുത്തിയാൽ മാത്രമേ കാണാതായവരെ കുറിച്ച് വ്യക്തമായ കണക്ക് ലഭിക്കൂ’, കെ.രാജൻ വ്യക്തമാക്കി.

ബന്ധുവീടുകളിലേക്ക് മാറി പോയവരോ കാണാതായവരേക്കുറിച്ച് വിവരം ഉള്ളവരോ ഉണ്ടെങ്കിൽ കൺട്രോൾ റൂമിൽ അടിയന്തരമായി വിവരം അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: