ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ മോഗ ജില്ലയിലെ ദാല ഗ്രാമത്തിലാണ് സംഭവം. അജിത്വാളിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായ ബൽജീന്ദർ സിംഗ് ബല്ലിയെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
സംഭവ ദിവസം വീട്ടിൽ മുടിവെട്ടിക്കൊണ്ടിരുന്ന ബൽജീന്ദർ സിംഗ് ബല്ലിക്ക് ഒരു അജ്ഞാതനിൽ നിന്ന് ഫോൺ കോൾ വന്നു. ചില രേഖകളിൽ ഒപ്പിടാൻ അഭ്യർത്ഥിച്ചയാളെ കാണാൻ ബല്ലി വീട്ടിൽ നിന്ന് ഇറങ്ങി. എന്നാൽ ബൈക്കിലെത്തിയ രണ്ട് അക്രമികൾ ബല്ലിക്ക് നേരെ വെടിയുതിർത്തു. ബല്ലിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സിസിടിവിയിൽ അക്രമികൾ ഓടി രക്ഷപ്പെടുന്നതും സിംഗിന് ഗുരുതരമായി പരിക്കേറ്റതും കാണാം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ല കൊലപാതകത്തിന് പിന്നിൽ താനാണെന്ന് വ്യക്തമാക്കിയത്. ബൽജീന്ദർ സിംഗ് ബല്ലി തന്റെ ഭാവി നശിപ്പിച്ചെന്നും ഗുണ്ടാ സംസ്‌കാരത്തിലേക്ക് തന്നെ നിർബന്ധിതനാക്കിയെന്നും ദല്ല ആരോപിച്ചു. അമ്മയുടെ പോലീസ് കസ്റ്റഡിക്ക് പിന്നിൽ കോൺഗ്രസ് നേതാവാണെന്നും ഇതാണ് പ്രതികാരം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും ദല്ല വ്യക്തമാക്കി. എൻഐഎ തിരയുന്ന തീവ്രവാദി പട്ടികയിൽ ഉൾപ്പെട്ട ആളാണ് അർഷ് ദല്ല. കഴിഞ്ഞ മൂന്നോ നാലോ വർഷമായി കാനഡയിൽ നിന്നാണ് ഇയാൾ പ്രവർത്തിക്കുന്നത്. പഞ്ചാബിൽ നടന്ന നിരവധി തീവ്രവാദ കൊലപാതകങ്ങളിൽ പങ്കാളിയാണ്
