നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്‌തു

മലപ്പുറം : തിരൂരിൽ നവകേരള സദസ്സിൽ
പങ്കെടുത്ത കോൺഗ്രസ് നേതാവിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു. മലപ്പുറം ഡിസിസി അംഗം എ പി മൊയ്ത‌ീനെയാണ് സസ്പെൻ്റ് ചെയ്തത്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയിയുടേതാണ് നടപടി. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനും പാർട്ടി നിർദ്ദേശം ലംഘിച്ചതിനുമാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് പിന്നീട് വിശദീകരിച്ചു. തിരൂരിൽ നടന്ന പ്രഭാത യോഗത്തിലാണ് ഡിസിസി അംഗമായ എ പി മൊയ്‌തീൻ പങ്കെടുത്തത്. കോഴിക്കോട് നവകേരള സദസ്സിലെത്തിയ കോൺഗ്രസ് – ലീഗ് നേതാക്കൾക്കെതിരെ നേതൃത്വം നടപടി സ്വീകരിച്ചിരുന്നു. ഇതിന് ശേഷം മലപ്പുറം ജില്ലയിലും യു ഡി എഫ് നേതാക്കളുടെ പങ്കാളിത്തമുണ്ടായത് ഇരു പാർട്ടികളുടെയും മുന്നണിയുടെയും നേതൃത്വത്തിന് തിരിച്ചടിയായി. തിരൂരിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പ്രഭാത യോഗത്തിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മകളുടെ ഭർത്താവ് ഹസീബ് സഖാഫ് തങ്ങളും പങ്കെടുത്തിരുന്നു.

ഇതേ യോഗത്തിലാണ് തിരൂരിലെ നേതാവ്
എ പി മൊയ്തീനും എത്തിയത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ സഹകരിക്കാൻ കക്ഷി രാഷ്ട്രീയം നോക്കേണ്ടന്നായിരുന്നു ഹസീബ് തങ്ങളുടെ പ്രതികരണം. ഇദ്ദേഹത്തിനെതിരെ മുസ്ലിം ലീഗ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇവർക്ക് പുറമെ താനാളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ പി പി ഇബ്രാഹിമും യോഗത്തിൽ പങ്കെടുത്തു. ഇവരെല്ലാം പങ്കെടുത്തത് നാടിന്റെ പൊതു വികാരം മനസിലാക്കിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിൽ പങ്കെടുക്കരുതെന്നത് രാഷ്ട്രീയ തീരുമാനമാണെന്നും പങ്കെടുത്താൽ നടപടിയെടുക്കുമെന്നും വിഡി സതീശൻ ആവർത്തിച്ചു. ലീഗ് ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയിൽ പാണക്കാട് കുടുംബാംഗം തന്നെ നവകേരള സദസ്സിൻ്റെ വേദിയിൽ എത്തിയത് പുതിയ ചർച്ചകൾക്കും വഴിതുറന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: