രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് ശരിയാണോയെന്ന് കോണ്‍ഗ്രസ് ചിന്തിക്കണം; ബിനോയ് വിശ്വം

കോഴിക്കോട്: രാഹുല്‍ ഗാന്ധി പ്രധാന കളിക്കളം വിട്ട് കേരളത്തിലേക്ക് വരുന്നത് ശരിയാണോയെന്ന് കോണ്‍ഗ്രസ് ചിന്തിക്കണമെന്ന് ബിനോയ് വിശ്വം. ഉത്തരേന്ത്യയാണ് പ്രധാന കളിക്കളമെന്നും ബിനോയ് വിശ്വം കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഓര്‍മ്മിപ്പിച്ചു. ബാബറി മസ്ജിദിന്റെ ശ്മശാന ഭൂമിയില്‍ കെട്ടി പൊക്കിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്ന കാര്യത്തില്‍ നിലപാട് സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസിന് എന്തിനാണ് ചാഞ്ചാട്ടമെന്നും ബിനോയ് വിശ്വം ഉന്നയിച്ചു.

കേരളത്തിലെ 20 സീറ്റുകളിലും ഇടതുപക്ഷം വിജയിക്കണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പിനായുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും നിലവിലെ മോദി ഭരണം തുടരാന്‍ പാടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പ്രതിപക്ഷം ഇല്ലാത്ത പാര്‍ലമെന്റ് വേണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

മോദിയുടെ ഗ്യാരണ്ടികളൊന്നും നടപ്പിലാകില്ല. പഴയ ഗ്യാരണ്ടികള്‍ നടപ്പിലായില്ല. പ്രതാപന്റെ പ്രസ്താവന അങ്കലാപ്പിന്റേതാണ്. തൃശൂരില്‍ എല്‍ഡിഎഫ് വിജയിക്കും. കോണ്‍ഗ്രസ് രണ്ടാമതോ മൂന്നാമതോ എന്ന് നോക്കിയാല്‍ മതിയെന്നും ബിനോയ് വിശ്വം കൂട്ടിചേര്‍ത്തു. ലോക്‌സഭയിലേയ്ക്ക് ഇരുപാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകള്‍ വെച്ച് മാറുന്ന കാര്യം സിപിഐഎമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ഒരു ഘട്ടത്തിലും ഉയര്‍ന്ന് വന്നിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: