ആലപ്പുഴ: പെണ്ണുക്കര, ചെങ്ങന്നൂർ ഭാഗങ്ങളിൽ പോലീസിന് സ്ഥിരം തലവേദനയായി മാറിയിരുന്ന മോഷ്ടാവ് പിടിയില്‍. ആലാ പെണ്ണുക്കര വടക്ക് കിണറുവിള കോളനിയിൽ വാടകയ്ക്കു താമസിച്ചു വന്നിരുന്ന ബിനു (42) ആണ് പിടിയിലായത്. ഫെബ്രുവരി 15ന് രാത്രി പെണ്ണുക്കര പെട്രോൾ പമ്പിന്റെ ഓഫീസ് മുറിക്കുള്ളിൽ കയറി രണ്ട് ലക്ഷം രൂപ മോഷ്ടിച്ച കേസിൽ ഉൾപ്പെടെ പ്രതിയാണ് ബിനു.
മെയ് 22ന് രാത്രി പെണ്ണുക്കര സ്കൂളിനു സമീപമുള്ള സ്റ്റേഷനറിക്കടയുടെ പൂട്ടുപൊളിച്ചു കയറി 8000 രൂപ മോഷ്ടിച്ച കേസിലും, ജൂലൈ നാലാം തീയ്യതി പെണ്ണുക്കര കനാൽ ജംഗ്ഷന് തെക്കുവശമുള്ള കടയുടെ ഭിത്തി തുരന്ന് കയറി 3000 രൂപയും ഇരുപതിനായിരം രൂപ വില വരുന്ന ചെമ്പുകമ്പിയും കേബിളുകളും മോഷ്ടിച്ച കേസിലും ജൂൺ മൂന്നിന് ചെങ്ങന്നൂർ തിട്ടമേൽ ഭാഗത്ത് വീടിന്റെ വാതിലുകൾ കുത്തിപ്പൊളിച്ച് മോഷണശ്രമം നടത്തി കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ. ഇൻസ്പെക്ടർ വിപിൻ എ സി യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ ജിജോ സാം, രതീഷ്, അജിത്, അനസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

