രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് സംഘർഷം; ഇസ്ലാം മതവിശ്വാസികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

മുംബൈ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിൽ സംഘർഷമുണ്ടായതിന് പിന്നാലെ മുംബൈയിൽ മുസ്ലീങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ചുമാറ്റി. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ തലേദിവസം മുംബൈ മീരാ റോഡിൽ നടന്ന വർ​ഗീയ സംഘർഷങ്ങൾക്ക് പിന്നാലെയാണ് ജില്ലാ ഭരണകൂടം നിരവധി കെട്ടിടങ്ങളും കുടിലുകളും പൊളിച്ചുമാറ്റിയത്. സംഘർഷത്തിലേർപ്പെട്ട മുസ്ലീങ്ങളുടെ വീടുകളാണ് പൊളിച്ചുമാറ്റിയതെന്നാണ് റിപ്പോർട്ട്.

വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കെട്ടിടങ്ങൾ തകർത്തത്. മുസ്‍ലിം ഭൂരിപക്ഷ മേഖലയിൽ ‘ജയ് ശ്രീറാം’ വിളിച്ച് പ്രകടനമായെത്തിയതാണ് സംഘർഷത്തിന്റെ പ്രകോപനമായി പറയുന്നത്. ഒരു മുസ്‍ലിം യുവാവിനെ വാഹനം തടഞ്ഞുനിർത്തി ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ചതാണ് തുടക്കം. മുദ്രാവാക്യം വിളിച്ചിട്ടും ഇയാളെ മർദിക്കുകയും വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്തു. തുടർന്ന് കാവിക്കൊടികളുമായെത്തിയ നൂറുകണക്കിന് പേരടങ്ങുന്ന സംഘം കടകളും വാഹനങ്ങളും തകർക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ച രാത്രി 11 മണിയോടെ മിരാ റോഡിലെ നയാ നഗർ പ്രദേശത്ത് വാഹനങ്ങളിലെത്തിയ ഹിന്ദുത്വപ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘർഷമുണ്ടായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജയന്ത് ബജ്ബലെ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായും പ്രദേശത്ത് ഫ്ലാഗ് മാർച്ച് നടത്തിയതായും പൊലീസ് പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: