ആഗ്ര: വിവാഹത്തിന്റെ തലേദിവസ പരിപാടിക്കിടെ ബാൻഡ് പാടിയ പാട്ടിന്റെ പേരിൽ തർക്കമുണ്ടായതിനെത്തുടർന്ന് 57 വയസുകാരനായ പിതാവിനെ ബന്ധുക്കൾ കൂട്ടം ചേർന്ന് തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ആഗ്രയിൽ തിങ്കളാഴ്ചയാണ് അക്രമം നടന്നത്. 57 വയസുകാരന്റെ സഹോദരി ഭർത്താവും കൂട്ടരും ചേർന്ന് ഇരുമ്പ് വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 57 വയസുകാരന്റെ സഹോദരന്റെ പരാതിയിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കി.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. രാം ബരാൻ സിംഗ് എന്നയാളാണ് ബന്ധുക്കളിൽ ചിലരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളുടെ മകൾ മധുവിന്റെ വിവാഹമായിരുന്നു ഞായറാഴ്ച. വിവാഹ ശേഷം തിങ്കളാഴ്ച രാവിലെ മകളെ ഭർതൃഗൃഹത്തിലേക്ക് അയയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. ഈ സമയത്ത് രാമിന്റെ സഹോദരി ഭർത്താവ് രാജു സിംഗ് അയാളുടെ മകനും മരുമക്കളുമായി എത്തി 57കാരനെ ആക്രമിക്കുകയായിരുന്നു. രാമിനെ രക്ഷിക്കാൻ ശ്രമിച്ചവരേയും സംഘം ആക്രമിച്ചു.
സംഭവത്തിൽ ഫത്തേബാദ് പൊലീസ് സ്റ്റേഷനിൽ രാമിന്റ സഹോദരന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തു. വിവാഹ ചടങ്ങിൽ ബാൻഡ് സംഘം പാടിയ ഒരു പാട്ടിനെ ചൊല്ലിയാണ് രാജു തർക്കം ആരംഭിച്ചത്. ഈ വാക്കേറ്റം വീട്ടിലെ മുതിർന്നവർ ചേർന്ന് പരിഹരിച്ചിരുന്നു. ഇതോടെ രാജു വിവാഹ വേദി വിട്ട് പോയിരുന്നു. പിന്നാലെയാണ് മകനും മരുമക്കളും ഒന്നിച്ച് എത്തി 57കാരനെ ആക്രമിച്ചത്. രാജു, മകൻ സുനിൽ മരുമക്കളായ സച്ചിൻ, പുഷ്പേന്ദ്ര, രഞ്ജിത്, വിജയ് എന്നിവരെയാണ് സംഭവത്തിൽ പൊലീസ് തിരയുന്നത്.

