കേരള സ്റ്റേറ്റ് കോഓപറേറ്റിവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളുടെ ചികിത്സ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. നിലവിൽ സഹായമനുവദിക്കാതിരുന്ന രോഗങ്ങള്‍ കൂടി ഉൾപ്പെടുത്തി ചട്ടങ്ങൾ ഭേദഗതി ചെയ്തതായി മന്ത്രി വി.എൻ. വാസവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാന്‍സര്‍, ഹൃദയശസ്ത്രക്രിയ, വൃക്ക മാറ്റിവെക്കല്‍, വൃക്ക നീക്കം ചെയ്യല്‍, കരള്‍ മാറ്റിവെക്കല്‍, കരള്‍ ശസ്ത്രക്രിയ (ദാതാവിന് ഉള്‍പ്പെടെ), മജ്ജ മാറ്റിവെക്കല്‍, കണ്ണ് മാറ്റിവെക്കല്‍ എന്നിവക്കുള്ള ധനസഹായം 1,25,000ൽ നിന്ന് 1,50,000 രൂപയാക്കി. കാഴ്ചവൈകല്യം, തളര്‍വാതം, അപകടം മൂലമോ മറ്റു കാരണങ്ങളാലോ ഉണ്ടാകുന്ന അംഗവൈകല്യം, തലക്കേറ്റ പരിക്ക്, മെനിഞ്ചൈറ്റിസ്, തലച്ചോറിനെയും സുഷുമ്‌നാകാണ്ഡത്തേയും ബാധിക്കുന്ന രോഗങ്ങള്‍ എന്നിവക്കുള്ള സഹായം 75000 രൂപയില്‍ നിന്ന് 100000 രൂപയാക്കി.
ശസ്ത്രക്രിയ ഇല്ലാതെയുള്ള ഹൃദയം, വൃക്ക, കരള്‍ സംബന്ധമായ അസുഖങ്ങള്‍, തൈറോയ്ഡ്, ഹെര്‍ണിയ, ഗർഭപാത്രം നീക്കം ചെയ്യല്‍ എന്നീ ചികിത്സകള്‍ക്ക് നല്‍കിവന്നിരുന്ന സഹായധനം 25,000 രൂപയില്‍നിന്ന് പരമാവധി 30,000 രൂപയായി വർധിപ്പിച്ചു. ചികുന്‍ ഗുനിയ, ടി.ബി, ആസ്തമ, എച്ച്1എന്‍1, ഡെങ്കിപ്പനി, എലിപ്പനി, വെരിക്കോസ് വെയിൻ ചികിത്സകള്‍ക്കുള്ള സഹായ ധനം 15,000 രൂപയില്‍നിന്ന് പരമാവധി 20,000 രൂപയാക്കി.
ജീവനക്കാരുടെ ആശ്രിതര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം 40,000 രൂപയില്‍നിന്ന് 50,000 രൂപയാക്കി. സേവനത്തിലിരിക്കെ, മരിക്കുന്ന ജീവനക്കാരുടെ അവകാശിക്കുള്ള സാമ്പത്തിക സഹായം 2,50,000 രൂപയില്‍നിന്ന് 3,00,000 രൂപയാക്കി. ജീവനക്കാരും സംഘവും ബോര്‍ഡിന് അടക്കേണ്ട പ്രതിമാസ വിഹിതത്തിലും വർധനയുണ്ട്.
പ്രതിമാസ വിഹിതം 15,000 രൂപയോ അതില്‍ കൂടുതലോ അടിസ്ഥാന ശമ്പളമോ മൊത്ത ശമ്പളമോ വാങ്ങുന്നവർക്ക് നിലവിലെ 130 രൂപ 250 രൂപയായും 15,000 രൂപക്ക് താഴെ അടിസ്ഥാന ശമ്പളമോ മൊത്ത ശമ്പളമോ വാങ്ങുന്നവരുടെ വിഹിതം 150 രൂപയായുമാണ് കൂട്ടിയത്. സംഘം അടക്കേണ്ട പ്രതിമാസ വിഹിതം 130 രൂപയില്‍ നിന്ന് 150 രൂപയാക്കി. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍, സഹകരണ സെക്രട്ടറി മിനി ആന്‍റണി, രജിസ്ട്രാര്‍ ടി.വി. സുഭാഷ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.

