Headlines

കോപ്പ അമേരിക്ക ചാമ്പ്യൻമാർക്ക് വിജയ തുടക്കം; ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കാനഡയെ തകർത്ത് അർജൻ്റീന

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ സ്റ്റേഡിയത്തിലെ 71,000 പേരുടെ ആർപ്പുവിളകൾക്കു നടുവിൽ അർജന്റീനയ്ക്ക് വിജയത്തുടക്കം. കാനഡയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് അര്‍ജന്റീന തളച്ചത്. ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസുമാണ് ഗോളടിച്ചത്. കഴിഞ്ഞ തവണ ബ്രസീലിനെ ഒരു ഗോളിനു വീഴ്ത്തി നേടിയ കോപ്പ കിരീടം നിലനിർത്താനാണ് അർജന്റീന കളത്തിലിറങ്ങിയത്.

മെസ്സിക്കൊപ്പം യൂലിയൻ അൽവാരസ്, ലൗറ്റാരോ മാർട്ടിനസ്, റോഡ്രിഗോ ഡിപോൾ, അലക്സിസ് മക്കാലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ റൊമേറോ, ലിസാന്ദ്രോ മാർട്ടിനസ് എന്നിവരും മികച്ച ഫോമിൽ ആയിരുന്നു. അമേരിക്കൻ കോച്ച് ജെസി മാർഷിന്റെ കീഴിൽ പുതുടീമാണു കാനഡ. യുഎസിലെ മേജർ സോക്കർ ലീഗിൽനിന്നുള്ള 14 താരങ്ങൾ ടീമിലുണ്ട്. ആഭ്യന്തര ലീഗിലെ ഈ പരിചയം കാനഡയെ തുണയ്ക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. അൽഫോൻസോ ഡേവിസാണ് കാനഡയുടെ ക്യാപ്റ്റൻ.

നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ അര്‍ജന്റീനയെ വിറപ്പിച്ചാണ് കാനഡ തുടങ്ങിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ കാനഡ ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടു. പന്തടക്കത്തിലും ആദ്യ മിനിറ്റുകളില്‍ കാനഡയാണ് മുന്നിട്ടുനിന്നത്. എന്നാല്‍ 9-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് മുന്നിലെത്താനുള്ള അവസരം ലഭിച്ചു. കാനഡയുടെ കോര്‍ണറിനൊടുക്കം ലഭിച്ച പന്തുമായി മുന്നേറിയ ഡി മരിയയ്ക്ക് പക്ഷേ അവസരം മുതലാക്കാനായില്ല. ഡി മരിയയുടെ ഷോട്ട് കാനഡ ഗോള്‍കീപ്പര്‍ സേവ് ചെയ്തു.

മെസ്സിയും ഡി മരിയയും വലതുവിങ്ങില്‍ നിന്ന് ചെറിയ മുന്നേറ്റങ്ങള്‍ നടത്തിയതൊഴിച്ചാല്‍ അര്‍ജന്റീനയ്ക്ക് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. മറുവശത്ത് കാനഡ അര്‍ജന്റീനയുടെ നീക്കങ്ങളെ കൃത്യമായി പ്രതിരോധിക്കുകയും അവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറുകയും ചെയ്തു. 39-ാം മിനിറ്റില്‍ മാക്അലിസ്റ്ററുടെ ഹെഡര്‍ കനേഡിയന്‍ ഗോളി മാക്‌സിം ക്രപ്യു തട്ടിയകറ്റി. 42-ാം മിനിറ്റില്‍ കാനഡ അര്‍ജന്റൈന്‍ ഗോള്‍മുഖം വിറപ്പിച്ചു. ഗോളെന്നുറച്ച സ്‌റ്റെഫാന്‍ എസ്റ്റക്യുവിന്റെ ഹെഡര്‍ ഉഗ്രന്‍ സേവിലൂടെ തട്ടിയകറ്റി അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് രക്ഷകനായി. റീബൗണ്ടില്‍ അല്‍ഫോണ്‍സോ ഡേവിസ് ഷോട്ടുതിര്‍ത്തെങ്കിലും പന്ത് ബാറിന് പുറത്തുപോയി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജൂലിയന്‍ അല്‍വാരസ് അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു. അതോടെ ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തി. 49-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസാണ് ലക്ഷ്യം കണ്ടത്. വലതുവിങ്ങില്‍ നിന്ന് മെസ്സി നല്‍കിയ ത്രൂബോളിലൂടെയാണ് ഗോള്‍ പിറന്നത്. പന്ത് ലഭിച്ച മാക് അലിസ്റ്റര്‍ കാനഡ ഗോളിയെ വെട്ടിയൊഴിഞ്ഞ് അല്‍വാരസിന് കൈമാറി. അല്‍വാരസ് അനായാസം വലകുലുക്കി. പിന്നാലെ അര്‍ജന്റീന നിരനിരയായി ആക്രമണങ്ങള്‍ തുടര്‍ന്നു. 65-ാം മിനിറ്റില്‍ മെസ്സി സുവര്‍ണാവസരം നഷ്ടപ്പെടുത്തി. എമിലിയാനോ നല്‍കിയ പന്ത് മെസ്സിക്ക് ലഭിക്കുമ്പോള്‍ മുന്നില്‍ കനേഡിയന്‍ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെസ്സിയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. റീബൗണ്ട് വന്ന പന്ത് മെസ്സിക്ക് കിട്ടിയെങ്കിലും താരത്തിന്റെ ഷോട്ട് ഓടിയെത്തിയ ഡിഫെന്‍ഡര്‍ തടഞ്ഞു.

പിന്നാലെ തിരിച്ചടിക്കാന്‍ കാനഡ മുന്നേറ്റങ്ങള്‍ ശക്തമാക്കി.അതോടെ മത്സരം കടുത്തു. 79-ാം മിനിറ്റില്‍ വീണ്ടും മെസ്സി കിട്ടിയ അവസരം പാഴാക്കി. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ഇക്കുറിയും അര്‍ജന്റീന നായകന് പിഴച്ചു. പകരക്കാരനായെത്തിയ ലൗട്ടാറോ മാര്‍ട്ടിനസിന്റെ ഷോട്ടും തട്ടിയകറ്റി കാനഡ ഗോള്‍കീപ്പര്‍ മികച്ചുനിന്നു. 88-ാം മിനിറ്റില്‍ അര്‍ജന്റീന രണ്ടാം ഗോള്‍ കണ്ടെത്തി. മെസ്സിയുടെ അസിസ്റ്റില്‍ ലൗട്ടാറോ മാര്‍ട്ടിനസ് വലകുലുക്കിയതോടെ ലോകചാമ്പ്യന്‍മാര്‍ വിജയത്തോടെ മടങ്ങി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: