അഴിമതി രാഷ്ട്രീയം; എൽഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം നാളെ

തിരുവനന്തപുരം: എൽഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫിന്‍റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ. അഴിമതി രാഷ്ട്രീയ വിഷയമാക്കിയാണ് സമരം. കേരളത്തിൽ കൊള്ളക്കാരുടെ ഭരണമാണെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ ആറുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയുകയും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുകയും ചെയ്യും.

എഐ ക്യാമറ അഴിമതി ഉള്‍പ്പടെ മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ മെയ് 20 നാണ് യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞത്. അഞ്ച് മാസം പൂര്‍ത്തിയാകുന്നതിനിടെയാണ് അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള രണ്ടാം സമരം. രാവിലെ ആറുമുതല്‍ സെക്രട്ടറിയേറ്റിന്‍റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കും. കന്‍റോണ്‍മെന്‍റ് ഗേറ്റ് ഉപരോധിക്കാന്‍ പൊലീസ് അനുവദിക്കില്ല. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് മെയിന്‍ ഗേറ്റില്‍ ആദ്യമെത്തുക. ആറരയോടെ പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും എത്തും. സമാനമായി സൗത്ത് ഗേറ്റും വൈഎംസിഎയ്ക്ക് ഗേറ്റും വളയും.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങി യുഡിഎഫിന്‍റെ മുന്‍നിര നേതാക്കളെല്ലാം ഉപരോധസമരത്തില്‍ പങ്കെടുക്കും. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഇന്നുതന്നെ എത്തിത്തുടങ്ങും. ഗതാഗത തടസം ഒഴിവാക്കാന്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെ പ്രത്യേക നിര്‍ദേശം പൊലീസ് നല്‍കിയിട്ടുണ്ട്. പതിനാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ക്രമീകരിക്കുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: