ആര്യനാട് : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള വിവേചനത്തിനും അവഗണനയ്‌ക്കുമെതിരെ സിപിഐ അരുവിക്കര മണ്ഡലം കമ്മിറ്റി അരുവിക്കര പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കേരളത്തിന് കടമെടുക്കുന്നതിനു അർഹമായ വയ്പ്പാപ്പരിധി വെട്ടിക്കുറച്ചും, പുതിയ റെയിൽവേ സോണുകൾ അനുവദിക്കാതെയും, തൊഴിലുറപ്പ് പദ്ധതിയിൽ വിഹിതം വർധിപ്പിക്കാതെയും, ആരോഗ്യമേഖലയിലും, കാർഷിക സബ്സിഡികൾ അനുവദിക്കാതെയും കോർപറേറ്റ് കുത്തകകൾക്ക് കൂടുതൽ ഇളവുകൾ കൊടുത്തും സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുസഹമാക്കുന്ന ഇടക്കാല ബഡ്ജറ്റ് ആണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് സി പി ഐ സംസ്ഥാന കൗൺസിലംഗം മീനാങ്കൽ കുമാർ പറഞ്ഞു. തൊഴിലാളികളെയും സാധാരണ ജനങ്ങളെയും വെല്ലുവിളിക്കുന്നതും അവരുടെ ജീവിതം ദുരിതകയത്തിലേക്കു തള്ളിവിടുന്നതാണ് ഈ ബഡ്ജറ്റ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രബഡ്ജറ്റിൽ പ്രതിഷേധിച്ചു ആര്യനാട് കാഞ്ഞിരംപാറ ജംഗ്ഷനിൽ നിന്നും പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ ധർണ അരുവിക്കര മണ്ഡലം സെക്രട്ടറി എം എസ് റഷീദിന്റെ അധ്യക്ഷതയിൽ കൂടി. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വിജയൻനായർ, സെക്രട്ടറിയേറ്റു മെമ്പർമാരായ വെള്ളനാട് സതീശൻ, ഉഴമലയ്ക്കൽ ശേഖരൻ, പൂവച്ചൽ രാജീവ്, കളത്തറ മധു എന്നിവർ സംസാരിച്ചു. പ്രകടനത്തിനും ധർണയ്‌ക്കും ലോക്കൽ സെക്രട്ടറിമാരായ വിജയകുമാർ, കെ മഹേശ്വരൻ, ഷമീർ, സന്തോഷ് വിതുര, അഡ്വ: എസ് എ റഹിം, പൂവച്ചൽ ഷാജു, ഷിജു സുധാകർ, മധു സി വാര്യർ എന്നിവർ നേതൃത്വം നൽകി.
