പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണം സിപിഎമ്മിലെ പ്രശ്നങ്ങളെന്ന വിമർശനവുമായി സിപിഐ. സിപിഎം നേതാക്കൾക്കിടയിലെ അനൈക്യം ഉപതെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചെന്ന് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജിന്റെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സിപിഎം നേതാക്കളുടെ പരസ്പര വിരുദ്ധമായ നിലപാടുകളും ട്രോളി വിവാദവും വിവാദ പത്രപരസ്യവുമെല്ലാം ചേർന്ന് പരാജയത്തിന് ആക്കംകൂട്ടിയെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ സിപിഎമ്മിനുള്ളിലെ ആശയക്കുഴപ്പം പ്രകടമായിരുന്നെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നുണ്ട്.
സിപിഐ പാലക്കാട് മണ്ഡലംകമ്മിറ്റിയുടെയും തിരഞ്ഞെടുപ്പ് കമ്മറ്റിയുടെയും അവലോകനങ്ങൾ ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഇത് വെള്ളിയാഴ്ചനടന്ന ജില്ലാ നിർവാഹകസമിതി ചർച്ചചെയ്തശേഷമാണ് ശനിയാഴ്ച്ച ജില്ലാകൗൺസിലിൽ അവതരിപ്പിച്ചത്. ജില്ലാ കൗൺസിൽ അംഗങ്ങളും പരാജയത്തിന് കാരണം സിപിഎമ്മിലെ പ്രശ്നങ്ങളാണെന്ന നിലയിലാണ് വിമർശനം ഉയർത്തിയത്.
എൽ.ഡി.എഫിൽ ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ പരാജയമുണ്ടായെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. മുകൾത്തട്ടിലെ യോജിപ്പ് താഴെത്തട്ടിലെത്തിക്കാനായില്ല. ഇതിന് മണ്ഡലത്തിലെ സി.പി.എമ്മിന്റെ സംഘടനാദൗർബല്യവും കാരണമായി. ട്രോളി ബാഗും പാതിരാറെയ്ഡും നിശ്ശബ്ദപ്രചാരണദിവസം ചില പത്രങ്ങളിൽവന്ന പരസ്യവുമുൾപ്പെടെ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. പാണക്കാട് സാദിഖലി തങ്ങൾക്കെതിരേ മുഖ്യമന്ത്രിനടത്തിയ പരാമർശവും എൽ.ഡി.എഫിന് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയത്. മുഖ്യമന്ത്രി രണ്ടുദിവസം പാലക്കാട്ടെ യോഗങ്ങളിൽ പങ്കെടുത്തെങ്കിലും കാര്യമായ ആവേശം ഉണ്ടാക്കാനായില്ല. ട്രോളി ബാഗ് വിവാദം യു.ഡി.എഫിന് ഒരുമിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുത്തു. ഇ.പി. ജയരാജന്റെ ആത്മകഥയുടെ ഭാഗമെന്ന രീതിയിൽവന്ന പ്രചാരണവും ദോഷം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

തിരഞ്ഞെടുപ്പ് കൺവെൻഷനുശേഷം എൽ.ഡി.എഫ്.യോഗം ഒരുതവണ മാത്രമാണ് ചേർന്നത്. പല കാര്യങ്ങളും ഘടകകക്ഷികൾ അറിഞ്ഞത് നടന്നുകഴിഞ്ഞ് മാത്രമായിരുന്നു. വിവാദങ്ങൾക്കിടയിൽ എൽ.ഡി.എഫ്. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ വേണ്ടരീതിയിൽ ജനങ്ങളിലേക്കെത്തിക്കാനായില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ജില്ലാകൗൺസിലും എക്‌സിക്യുട്ടീവും അംഗീകരിച്ച റിപ്പോർട്ട് സംസ്ഥാന കൗൺസിലിന് സമർപ്പിക്കും. തിങ്കളാഴ്ച സംസ്ഥാന നിർവാഹകസമിതിയും തുടർന്ന് കൗൺസിലും ചേരുന്നുണ്ട്.
മുതിർന്ന നേതാവും ജില്ലാ നിർവാഹകസമിതി അംഗവുമായ ജോസ് ബേബിക്കും മുഹമ്മദ് മുഹ്സിൻ എം.എൽ.എ.യ്ക്കുമെതിരെയും തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിൽ പരാമർശമുണ്ട്. ചുമതലയേൽപ്പിച്ച മേഖലയിൽ ഇരുവരും വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങൾ ഏകോപിപ്പിച്ചില്ലെന്നാണ് ആരോപണം. ഇരുവർക്കുമെതിരേ നടപടിവേണമെന്നും കൗൺസിൽയോഗത്തിൽ ആവശ്യമുയർന്നു. ഇരുവരും യോഗത്തിനെത്തിയിരുന്നില്ല.
മുഹമ്മദ് മുഹ്സിൻ എം.എൽ.എ.ക്കെതിരേ തിരുവേഗപ്പുറയിൽനിന്ന് ലോക്കൽ സെക്രട്ടറി നൽകിയ പരാതിയും ചർച്ചയായി. ഇത് സംസ്ഥാന കൗൺസിലിന് കൈമാറും. എം.എൽ.എ. കാര്യങ്ങൾ പാർട്ടിയുമായി ചർച്ചചെയ്യുന്നില്ലെന്നും പാർട്ടിയിൽ ഇല്ലാത്തവരുമായാണ് ചേർന്നുപോകുന്നതെന്നും മണ്ഡലംസെക്രട്ടറി ഒ.കെ. സെയ്തലവി ആരോപിച്ചു. ഈ രീതിയിലാണെങ്കിൽ മണ്ഡലം സെക്രട്ടറിസ്ഥാനം ഒഴിയുകയാണെന്നും സെയ്തലവി കൗൺസിൽ യോഗത്തിൽ പറഞ്ഞു.
പാലക്കാട് ജില്ലയിലെ സിപിഐയിൽ വിഭാഗീയത രൂക്ഷമായി തുടരുന്നതിനിടെയായിരുന്നു ജില്ലാ കൗൺസിൽ ഉപതെരഞ്ഞെടുപ്പ് റിവ്യൂ നടത്തിയത്. സേവ് സിപിഐ ഫോറം എന്ന പേരിൽ വിമതപക്ഷം ജില്ലയിലാകെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ഇവർക്ക് പരോക്ഷ പിന്തുണയും സഹായവും ചെയ്യുന്നു എന്ന ആരോപണം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ജില്ലാ കൗൺസിലിൽ മണ്ഡലംസെക്രട്ടറി ഒ.കെ. സെയ്തലവി ഉയർത്തിയ ആരോപണങ്ങളും വരുംദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമാകും എന്നാണ് സൂചന.
