പത്തനംതിട്ട : സിപിഐ പത്തനംതിട്ട ജില്ലാ
സെക്രട്ടറി എ പി ജയനെ നീക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം.അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് നടപടി. മുല്ലക്കര രത്നാകരനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. തീരുമാനം സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ചെയ്യും.അടുത്ത ടേമിൽ സിപിഐയ്ക്ക് ജില്ലാ പ്രസിഡന്റ് സ്ഥാനം നൽകാൻ ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനിടയുള്ളയാൾ കൂടിയാണ് വിഷയത്തിലെ പരാതിക്കാരിയായ ശ്രീനാ ദേവി കുഞ്ഞമ്മ. എ പി ജയന്റെ അടൂരിലെ ഫാമിനെക്കുറിച്ചാണ് ഇവർ പരാതി ഉന്നയിച്ചിരിക്കുന്നത്. അനധികൃതമായി സർക്കാർ പണം കൈപ്പറ്റി പഞ്ചായത്തിനെ ദുരുപയോഗം ചെയ്‌ത് കൊണ്ടാണ് ഫാം പ്രവർത്തിപ്പിക്കുന്നതെന്ന് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇക്കാര്യം അന്വേഷിക്കാൻ സിപിഐ സംസ്ഥാന കമ്മിറ്റി ഒരു അന്വേഷണ കമ്മീഷനേയും നിയമിച്ചിരുന്നു. ആരോപണങ്ങൾ കൃത്യമാണെന്ന് അന്വേഷണ കമ്മീഷന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എ പി ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചത്.അതേസമയം, സംഭവത്തിൽ പ്രതികരണവുമായി എ.പി.ജയൻ രം ഗത്തെത്തി. പാർട്ടി നടപടിയെ കുറിച്ച് അറിയില്ലെന്ന് എ.പി.ജയൻ പ്രതികരിച്ചു. താൻ സംസ്ഥാന കൗൺസിൽ അംഗമാണ്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ചചെയ്ത് നടപടി എടുക്കേണ്ടത് ആ ഘടകത്തിലാണ്. അത് ഉണ്ടായിട്ടില്ലെന്നും ജയൻ പറഞ്ഞു. പാർട്ടി നടപടിയെക്കുറിച്ച് വിശദമായി പഠിച്ച് ശേഷം പ്രതികരിക്കാമെന്നും എ.പി. ജയൻ പ്രതികരിച്ചു.
