കോട്ടയം:തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവാൻ യുവജനങ്ങൾക്കും സ്ത്രീകൾക്കും മുൻഗണന നൽകാൻ സിപിഐ. മൂന്നുതവണ മത്സരിച്ചവരെ ഒഴിവാക്കും. പാർട്ടി സെക്രട്ടറിമാർ ഒരു തലത്തിലും മത്സരിക്കേണ്ടതില്ല. ഇവയടക്കം തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ ജില്ലാഘടകങ്ങൾക്കും നൽകിയ നിർദേശം താഴേത്തട്ടിലേക്ക് റിപ്പോർട്ട് ചെയ്തു.
പൊതുസീറ്റിൽ പുരുഷൻമാരെ മത്സരിക്കാവൂ എന്ന പൊതുരീതി മാറ്റണമെന്ന് പാർട്ടി പറയുന്നു. ആ വാർഡിലോ ഡിവിഷനിലോ പൊതുസമ്മതമുള്ള വനിതകൾ ഉണ്ടെങ്കിൽ അവരെ പരിഗണിക്കാം. പാർട്ടിയുടെയും വർഗ ബഹുജനസംഘടനകളുടെയും ഘടകങ്ങളിൽ പ്രവർത്തിച്ചുവന്നവരാണ് ഈ വനിതയെങ്കിൽ മുഖ്യപരിഗണനവേണം.
പാർട്ടി സെക്രട്ടറിമാർ തിരഞ്ഞെടുപ്പ് ഒരുക്കം, പ്രവർത്തനം എന്നിവയ്ക്ക് നേതൃത്വംവഹിക്കണം. അനിവാര്യമായ സാഹചര്യങ്ങളിൽ മത്സരിക്കാൻ ഇളവുനൽകാൻ ജില്ലാ എക്‌സിക്യൂട്ടീവിന് മാത്രമേ അധികാരമുള്ളൂ. എല്ലാ പഞ്ചായത്ത്, നഗരസഭാ, കോർപ്പറേഷൻ തലങ്ങളിൽ തിരഞ്ഞെടുപ്പിനായി സബ് കമ്മിറ്റികൾ രൂപവത്കരിക്കും. ഇവർ തയ്യാറാക്കുന്ന സ്ഥാനാർഥിപ്പട്ടിക ജില്ലാ എക്‌സിക്യുട്ടീവ് അംഗീകരിക്കണം.
സബ് കമ്മിറ്റികൾ വോട്ടർപട്ടിക പഠിക്കണം. ചേർക്കേണ്ടവരെ ചേർക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർപട്ടിക വേറെ ആയതിനാൽ സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷൻ്റെ പട്ടികയിലും പേരുണ്ടെന്ന് ഉറപ്പാക്കണം.
പാർട്ടി സെക്രട്ടറിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കണ്ട; ജനറൽ സീറ്റിൽ പുരുഷൻമാരെ മത്സരിക്കാവൂ എന്ന പൊതുരീതി മാറ്റാൻ സിപിഐ തീരുമാനം
