ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രീം കോടതിയിൽ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഹർജി നൽകിയത്. നടപ്പാക്കിയത് ഭയാനകമായ നിയമമാണെന്നും നടപടികൾ സ്റ്റേ ചെയ്യണമെന്നും സിപിഐ ഹർജിയിൽ ആവശ്യപ്പെട്ടു. നേരത്തെ, മുസ്‌ലിം ലീഗും ഡിവൈഎഫ്ഐയും പൗരത്വ ഭേദഗതിയിൽ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ അടിയന്തര നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗവും തീരുമാനിച്ചിരുന്നു. നിയമനടപടികൾക്ക് അഡ്വക്കറ്റ് ജനറലിനെ (എജി) ചുമതലപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ടങ്ങളിലെ പിഴവുകൾ പഠിച്ചശേഷം തുടർനടപടികളുമായി മുന്നോട്ടുപോകാനാണു തീരുമാനം. ഭരണഘടനയുടെ അനുച്ഛേദം 131 അനുസരിച്ച് നേരത്തേ തന്നെ സുപ്രീംകോടതിയിൽ സംസ്ഥാനം ഹർജി നൽകിയിട്ടുണ്ട്. കേരളത്തിൽ ഈ ചട്ടങ്ങൾ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.

