തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സർവ്വകലാശാല ബില്ലിൽ ആശങ്കയുമായി സിപിഐ. കൂടുതൽ പഠനം വേണ്ടേ എന്ന് മന്ത്രിസഭാ യോഗത്തിൽ പി പ്രസാദ് ചോദിച്ചു. സിപിഐ നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമായിരുന്നു പ്രസാദ് ആശങ്ക ഉന്നയിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗത്തിൽ ഇല്ലായിരുന്നു. കൂടുതൽ ചർച്ചക്കായി ബിൽ മാറ്റി വച്ചു.
സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള ബിൽ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.. ഉന്നത വിദ്യാഭ്യാസമന്ത്രി ആ ബിന്ദു ഇന്ന് കാബിനറ്റ് യോഗത്തിൽ പങ്കെടുത്തില്ല. മന്ത്രി ഇന്ന് ബംഗ്ളൂരുവിലായിരുന്നു. സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാൻ സിപിഎം നേരത്തെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു. എസ് സി എസ് ടി വിദ്യാർത്ഥികൾക്ക് പ്രവേശനത്തിൽ സംവരണമുണ്ടാകും. അതേ സമയം ഫീസിൽ സർക്കാറിന് നിയന്ത്രണമുണ്ടാകില്ല.ബ്രൂവറി അനുമതിക്കു പിന്നാലെ ഘടകകക്ഷികളെ മുഖവിലക്കെടുക്കാതെയുള്ള സിപിഐം തീരുമാനത്തിനെതിരെ പല കക്ഷികള്‍ക്കും അതൃപ്തിയുണ്ടെന്ന വിലയിരുത്തലുമുണ്ട്.