കൊടുങ്ങല്ലൂർ: വിഭാഗീയതയും ചേരിപ്പോരും കയ്യാങ്കളിയും രൂക്ഷമായതിനെ തുടർന്ന് സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. കൊടുങ്ങല്ലൂർ നഗരസഭ മുൻ ചെയർമാൻ കൂടിയായ സി.സി വിപിൻ ചന്ദ്രൻ സെക്രട്ടറിയായ കമ്മിറ്റിയാണ് പിരിച്ചുവിട്ടത് സി.പി.ഐക്ക് ജില്ലയിൽ ഏറ്റവും വലിയ സ്വാധീനമുള്ള കമ്മിറ്റിയാണ് കൂടിയാണ് കൊടുങ്ങല്ലൂർ.
2019-ലെ കോട്ടപ്പുറം വള്ളംകളിയുമായി ബന്ധപ്പെട്ടാണ് സി.പി.ഐ.യിൽ ചെറിയ തോതിൽ വിഭാഗീയത ഉടലെടുക്കുന്നത്. മുൻ മന്ത്രിയും ജില്ലാ സെക്രട്ടറിയുമായിരുന്ന വി.കെ. രാജന്റെ മകനും എം.എൽ.യുമായ വി.ആർ. സുനിൽ കുമാറും സഹോദരീ പുത്രനും അന്നത്തെ നഗരസഭ ചെയർമാനുമായിരുന്ന സി.സി. വിപിൻ ചന്ദ്രനും തമ്മിൽ തുടർന്ന് വരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് കാരണമായതെന്നാണ് സൂചന.
ഒരു വർഷം മുമ്പ് നടന്ന മണ്ഡലം സമ്മേളനത്തിൽ നിയോജകമണ്ഡലം വിഭജിച്ച് കൊടുങ്ങല്ലൂർ, മാള മണ്ഡലം കമ്മിറ്റികൾക്ക് രൂപം കൊടുത്തതോടെയാണ് നേരത്തെയുള്ള വിഭാഗീയത പുറത്തേക്ക് എത്തിയത്. സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി സ്ഥാനത്തേക്ക് സി.സി. വിപിൻ ചന്ദ്രന്റെ പേര് ജില്ലാ നേതൃത്വം നിർദേശിച്ചപ്പേൾ എം.എൽ.എ. യുടെ വിശ്വസ്തൻ കൂടിയായ നിലവിലെ സെക്രട്ടറി മത്സരരംഗത്ത് എത്തുകയായിരുന്നു. ഒടുവിൽ ജില്ലാനേതാക്കളുടെ കടുത്ത സമ്മർദത്തെ തുടർന്ന് നിലവിലുള്ള സെക്രട്ടറി പിന്മാറുകയും സി.സി. വിപിൻ ചന്ദ്രൻ സെക്രട്ടറിയാവുകയുമായിരുന്നു.
തുടർന്ന് ഇരു വിഭാഗവും തമ്മിൽ ചെറിയതോതിലുള്ള തർക്കം നിലനിന്നുവരുന്നതിനിടയിൽ സഹകരണ ബാങ്കുകളുുമായി ബന്ധപ്പെട്ട് ഉയർന്ന അഭിപ്രായ ഭിന്നതകൾ രൂക്ഷമാവുകയും ജില്ലാ അസി. സെക്രട്ടറിയടക്കം പങ്കെടുത്ത മണ്ഡലം കമ്മിറ്റി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് കൂട്ടത്തല്ല് നടക്കുകയും ചെയ്തിരുന്നു. ഇതിൽ മണ്ഡലം സെക്രട്ടറിക്ക് നേരെ കൈയേറ്റം നടന്നിട്ടും നടപടി ഉണ്ടായിരുന്നില്ല. പാർട്ടി ജില്ലാ നേതൃത്വം അന്വേഷണം നടത്തിയെങ്കിലും ഇരുഭാഗത്തുനിന്നുമുള്ള സമ്മർദങ്ങളെത്തുടർന്ന് നടപടികൾ മരവിപ്പിക്കുകയായിരുന്നു. ഇത് പാർട്ടി പ്രവർത്തകരിൽ കടുത്ത നിരാശയ്ക്ക് വഴിവെച്ചിരുന്നു.
ഇത്തരം സംഭവങ്ങളിൽ ഇടപെടുകയും നടപടിയെടുക്കുകയും ചെയ്യേണ്ട ജില്ലാ നേതൃത്വം വേണ്ട വിധത്തിൽ ഇടപെട്ടില്ലെന്ന് മാത്രമല്ല ഇരുകൂട്ടരേയും രഹസ്യമായി പ്രോത്സാഹിപ്പിക്കുകയുമായിരുന്നുവെന്നാണ് പ്രവർത്തകർക്കിടയിലെ സംസാരം. സി.പി.ഐ.ക്ക് മധ്യകേരളത്തിൽ ശക്തമായ സ്വാധീനവും സംഘടനാ സംവിധാനങ്ങളും നിലവിലുള്ള മണ്ഡലത്തിൽ പാർട്ടി നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്.
അസംബ്ലി സീറ്റിലേക്ക് കണ്ണുവെച്ചിട്ടുള്ള ജില്ലാ നേതാക്കളിൽ ചിലരാണ് കൊടുങ്ങല്ലൂരിലെ നേതാക്കളെ തമ്മിൽ ഭിന്നിപ്പിച്ച് നിർത്തി സീറ്റ് കൈപിടിയിലൊതുക്കാൻ ശ്രമിക്കുന്നതെന്നാണ് പാർട്ടി പ്രവർത്തകർ രഹസ്യമായി പറയുന്നത്.
