Headlines

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയുമായ അതുല്‍ കുമാര്‍ അഞ്ജാന്‍ (68) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 3.45ന് ലഖ്നൗവിലായിരുന്നു അന്ത്യം. 1956 ജനുവരി 15 ന് ഉത്തർപ്രദേശിലെ ലക്നൗവിലാണ് ജനിച്ചത്. 1970കളുടെ ആദ്യം സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. എഴുപതുകളുടെ പകുതികളിൽ ഉത്തർപ്രദേശിനെ ഇളക്കിമറിച്ച ബഹുജന പ്രക്ഷോഭങ്ങളുടെ മുൻനിര പോരാളിയായിരുന്നു.

1976ല്‍ നാഷണൽ കോളേജ് വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റും തുടർന്ന് ലക്നൗ സർവകലാശാല വിദ്യാർത്ഥി യൂണിയൻ ചെയർമാനുമായി. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മൈതിലി തുടങ്ങി ആറ് ഇന്ത്യൻ ഭാഷകളിൽ പ്രസംഗിക്കാനും എഴുതാനുമുള്ള അതുലിന്റെ പ്രാഗൽഭ്യം അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയ അതുൽ, 1978 ൽ എഐഎസ്എസ് ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡന്റായി. 1979 മുതൽ 1985 വരെ ദേശീയ പ്രസിഡന്റായിരുന്നു. ഇപ്പോൾ എഐടിയുസി ജനറൽ സെക്രട്ടറിയും സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായ അമർജിത് കൗർ ആയിരുന്നു അന്ന് എഐഎസ്എഫ് ജനറൽ സെക്രട്ടറി.

വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് നിന്നും അതുൽ കുമാർ അഞ്ജാൻ, കർഷക പ്രസ്ഥാനത്തിലേയ്ക്കാണ് എത്തിയത്. 1997 മുതൽ അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയാണ്. 1989 ല്‍ കൽകട്ടയില്‍ നടന്ന സിപിഐ 14-ാം പാർട്ടി കോൺഗ്രസിലാണ് ദേശീയ എക്സിക്യൂട്ടീവ് അംഗമാകുന്നത്. 1992ല്‍ ഹൈദരാബാദില്‍ 15ാം പാർട്ടി കോൺഗ്രസ്സിൽ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ അദ്ദേഹം മൂന്ന് പതിറ്റാണ്ടിലെറെയായി ആ സ്ഥാനത്ത് തുടരുന്നു. മൂന്ന് തവണ യുപിയിലെ ഗോസി മണ്ഡലത്തിൽ നിന്നും ലോക് സഭയിലേയ്ക്ക് മൽസരിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിൽ മുൻനിര പോരാളിയും സംയുക്ത കര്‍ഷക സമിതി നടത്തിയ ഐതിഹാസിക പ്രക്ഷോഭത്തിന്റെ ദേശീയ സംഘാടകരില്‍ പ്രമുഖനുമായിരുന്നു.

പിതാവ് ഡോ. എ പി സിങ് ബീഹാറിലും ഉത്തർപ്രദേശിലും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച ആദരണീയനായ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസോസിയേഷന്റെ രൂപീകരണത്തിലൂടെയാണ് ഡോ. എ പി സിങ് ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ നേതൃനിരയിലെത്തിയത്. മാതാവ് പ്രമീള സിങ് ഉത്തർപ്രദേശ് ലക്നൗ സ്വദേശിയാണ്. ടൈംസ് ഗ്രൂപ്പിൽ പത്രപ്രവർത്തകയായിരുന്ന ഭാരതി സിൻഹയാണ് ജീവിത പങ്കാളി. സിപിഐ നേതാവും അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രടറിയുമായിരുന്ന ഇന്ദ്രദീപ് സിൻഹയുടെ പുത്രിയാണ് ഭാരതി. മകള്‍ വിദുഷി സിങ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: