തിരുവനന്തപുരം : സിപിഐ തിരുവനന്തപുരം
ജില്ലാ സമ്മേളനത്തിൽ സർക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനം. സർക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്‌ടപ്പെടുന്നു. ഇടതു സർക്കാരിനെപ്പോലെ അല്ല പലകാര്യങ്ങളിലും തീരുമാനങ്ങൾ. ഗവർണർ വിഷയത്തിൽ സിപിഐഎമ്മിന് ഇരട്ടത്താപ്പെന്നും സമ്മേളനം വിമർശിച്ചു. എല്ലാ മേഖലകളിലും സിപിഐയെ താഴ്ത്തിക്കെട്ടാനാണ് സിപിഐഎമ്മിന്റെ ശ്രമം. വലിയ പാർട്ടി എന്ന രീതിയിലാണ് സിപിഎമ്മിന്റെ പ്രവർത്തനം. സിപിഐ വകുപ്പുകളോടും അവഗണന കാണിക്കുന്നു.
സിവിൽ സപ്ലൈസ് വകുപ്പിനെ അവഗണിക്കുന്നു. ആവശ്യത്തിനു ഫണ്ട് നൽകുന്നില്ല അതേസമയം സിപിഐഎം ഭരിക്കുന്ന കൺസ്യൂമർഫെഡിന് യഥേഷ്ടം സഹായം നൽകുന്നുവെന്നും വിമർശനമുണ്ട്. വണ്ടി ഓടുന്നു എങ്കിൽ പെട്രോൾ അടിക്കണം അല്ലെങ്കിൽ വണ്ടി നിൽക്കും. അത് ഡ്രൈവറുടെ കഴിവില്ലായ്മയല്ല. അതാണ് ഭക്ഷ്യ മന്ത്രിയുടെ അവസ്ഥ ധനമന്ത്രി ഭക്ഷ്യ വകുപ്പിന് പണം നൽകുന്നില്ല എന്നും ചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു.കൃഷി വകുപ്പ് മന്ത്രിക്ക് രൂക്ഷ വിമശനമാണ് രാഷ്ട്രീയ റിപ്പോർട്ട് ചർച്ചയിൽ ഉയർന്നു വന്നത്. സിപിഐ യ്ക്ക് 3 മന്ത്രിമാർ മാത്രമാണ് ഉള്ളത് എന്നും ചർച്ചയിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ബിനോയ് വിശ്വം നിലപാടില്ലാത്ത സെക്രട്ടറിയും സിപിഎം അടിമയുമാന്നെന്ന് വിവിധ മണ്ഡലം കമ്മിറ്റികൾ അഭിപ്രായപ്പെട്ടു. പിണറായി സർക്കാർ എന്ന പ്രയോഗം മാറ്റണം എൽഡിഎഫ് സർക്കാർ എന്നു പറയാൻ നേതാക്കൾ തയ്യാറാകണം. കോൺഗ്രസ് മുന്നണിയിലേക്ക് സിപിഐ മാറണം തുടങ്ങിയ അഭിപ്രായങ്ങൾ പൊതു ചർച്ചയിൽ വിവിധ കമ്മിറ്റികളിൽ നിന്നുണ്ടായി. ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തി സർക്കാർ തിരുത്തലിന് തയാറാകണമെന്നാണ് സിപിഐ വ്യക്തമാക്കുന്നത്. ഇടത് മുന്നണി ജനങ്ങളുടെ വികാരം ഉൾക്കൊണ്ട് മുന്നോട്ട് നീങ്ങണമെന്നും രാഷ്ട്രീയ റിപോർട്ട് ആവശ്യപ്പെടുന്നു. വൈകിട്ട് എഴ് മണിയോടുകൂടി പൊതുചർച്ച സമാപിക്കും. ഇതിനു ശേഷം രാഷ്ട്രീയ റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് മറുപടി പറയും .
