റാഞ്ചി: ഝാർഖണ്ഡിൽ തനിച്ച് മത്സരിക്കാനുറച്ച് സിപിഐ. നാല് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സി.പി.ഐ പ്രഖ്യാപിച്ചു. ഛത്ര, ലോഹർദാഗ, പലാമു, ദുംക എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇൻഡ്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് വൈകുന്നതിനെ തുടർന്ന് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടി സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നോട്ടുപോയത്

അഭയ് ഭൂയാൻ പലാമു സീറ്റിൽ നിന്നും മഹേന്ദ്ര ഒറോൺ ലോഹർദാഗയിൽ നിന്നും അർജുൻ കുമാർ ഛത്രയിൽ നിന്നും രാജേഷ് കുമാർ കിസ്‌കു ദുംകയിൽ നിന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഈ നാല് ലോക്‌സഭാ സീറ്റുകളുടെ കാര്യത്തിൽ പാർട്ടി സെൻട്രൽ കമ്മിറ്റിയിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്”-സി.പി.ഐ ഝാർഖണ്ഡ് ജനറൽ സെക്രട്ടറി മഹേന്ദ്ര പഥക് പറഞ്ഞു. ജാർഖണ്ഡിൽ 14 ലോക്‌സഭാ സീറ്റുകളാണുള്ളത്.
കേന്ദ്ര കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ ഹസാരിബാഗ്, ഗിരിധി, ജംഷഡ്പൂർ, റാഞ്ചി സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തുമെന്നും അദ്ദേഹം അറിയിച്ചു. ഹസാരിബാഗ് സീറ്റ് നൽകണമെന്ന് കോൺഗ്രസിനോടും ഇൻഡ്യ മുന്നണിയിലെ അംഗങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ബാക്കിയുള്ള 13 സീറ്റുകളിൽ മുന്നണി സ്ഥാനാർഥിയെ പിന്തുണക്കാമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ കോൺഗ്രസ് ഹസാരിബാഗിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി

