പതിനാറുകാരിയെ 14 പേർ പീഡിപ്പിച്ച കേസ് പിൻവലിക്കാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സമ്മർദ്ദം;നിർദ്ദേശം അംഗീകരിക്കാത്തതിനാൽ കൂലിപ്പണി ചെയ്യാൻ പോലും അനുവാദമില്ലെന്ന് അമ്മ കോടതിയിൽ




കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 14 പേർ പീഡിപ്പിച്ച കേസ് പിൻവലിക്കാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി സമ്മർദ്ദം ചെലുത്തുന്നെന്ന് പെൺകുട്ടിയുടെ അമ്മ. ഹൊസ്ദുർഗ് പോക്‌സോ അതിവേഗ പ്രത്യേക കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പെൺകുട്ടിയുടെ അമ്മ ഇക്കാര്യം തുറന്നു പറഞ്ഞത്. ബ്രാഞ്ച് സെക്രട്ടറിയുടെ നിർദ്ദേശം അനുസരിച്ച് കേസ് പിൻവലിക്കാത്തതിനാൽ നാട്ടിൽ ഒറ്റപ്പെടുത്തുകയാണെന്നും കൂലിപണി ചെയ്യാൻ പോലും അനുവദിക്കുന്നില്ലെന്നും പെൺകുട്ടിയുടെ അമ്മ കോടതിയിൽ പറഞ്ഞു. സംഭവത്തിൽ അടുത്ത ദിവസം ഹാജകാരാൻ ബേഡകം ഇൻസ്പെക്ടർക്ക് കോടതി നിർദ്ദേശം നൽകി.


സാറെ, എനിക്കൊരു കാര്യം പറയാനുണ്ട്, ഞാനതു പറഞ്ഞോട്ടെയെന്ന് ചോദിച്ച ഇവർക്ക് ജഡ്ജി പി.എം. സുരേഷ് അതിനുള്ള അനുമതി നൽകി. വിതുമ്പലോടെ തുടങ്ങിയ ഇവർ പൊട്ടിക്കരയുകയായിരുന്നു. ’മാർക്സിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു, ഈ കേസ് പിൻവലിക്കണമെന്ന്. അതിന്‌ തയ്യാറാകാത്തതിനാൽ കൂലിപ്പണിപോലും തരാൻ സമ്മതിക്കുന്നില്ല’- അതിജീവിതയുടെ അമ്മ കോടതിയിൽ പൊട്ടിക്കരഞ്ഞ് പറഞ്ഞു. ബ്രാഞ്ചും സെക്രട്ടറിയുടെ പേരും അമ്മ പറഞ്ഞിട്ടുണ്ട്.

ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം നടന്ന പീഡനക്കേസിന്റെ വിചാരണവേളയിലാണ് കോടതിയിൽ നാടകീയസംഭവം അരങ്ങേറിയത്. വിസ്തരിക്കാനായി കൂട്ടിൽ കയറ്റിനിർത്തിയപ്പോഴാണ് അതിജീവിതയുടെ അമ്മ ന്യായാധിപനു മുന്നിൽ സങ്കടംപറഞ്ഞത്. 14 പേർ പ്രതികളായ കേസാണിത്.

പതിനാറുകാരിയാണ് പീഡനത്തിനിരയായത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ്‌ലൈൻ അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. വെവ്വേറെ സമയങ്ങളിൽ പീഡനം നടന്നുവെന്നാണ് കേസ്. 14 കേസുകളായാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിലൊരു കേസിന്റെ വിചാരണയാണിപ്പോൾ നടക്കുന്നത്. കേസ് പിൻവലിക്കണമെന്ന് ബ്രാഞ്ച് സെക്രട്ടറി ആവശ്യപ്പെട്ടുവെന്നാണ് അതിജീവിതയുടെ അമ്മ വെളിപ്പെടുത്തിയിരിക്കുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: