തിരുവനന്തപുരം: മദ്യനയത്തിലും എക്സാലോജിക് കേസിലും പരസ്യമായി വിയോജിച്ച സിപിഐ നടപടിയില്‍ ഇടഞ്ഞ് സിപിഎം. പരസ്യ പ്രതികരണങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കാനാണ് പാർട്ടി തീരുമാനം
എക്സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ ബിനോയ് വിശ്വം തള്ളിയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. തുടർച്ചയായി വിമർശനം ഉന്നയിക്കുന്ന സിപിഐക്കെതിരെ സ്വരം കടുപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ അവരെ പിന്തുണയ്ക്കേണ്ട ആവശ്യം സിപിഐക്കില്ല എന്നായിരുന്നു ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ഇതിന് മറുപടിയായി, വിഷയത്തില്‍ സിപിഐ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല എന്ന് മന്ത്രി വി. ശിവൻകുട്ടി ഇന്നലെത്തന്നെ മറുപടി നല്‍കുകയും ചെയ്തിരുന്നു. പാർട്ടിയുടെ അറിവോടെയാണ് ശിവൻകുട്ടിയുടെ മറുപടി എന്നാണ് സൂചന.
വീണ വിജയന്റെ പേരിലുള്ള കേസില്‍ ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടത് എല്‍ഡിഎഫ് യോഗത്തിലായിരുന്നു എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇടതുമുന്നണി തീരുമാനങ്ങളുടെ ഗുണഭോക്താക്കളാകുകയും പുറത്ത് എതിർക്കുകയും ചെയ്യുന്ന സിപിഐയുടെ രീതി ശരിയല്ല എന്ന് സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടു. ബ്രൂവെറി വിഷയത്തിലും എലപ്പുള്ളിയിലെ മദ്യശാല നിർമാണത്തിലും സിപിഐ എടുത്ത പരസ്യനിലപാടുകളിലും സിപിഎമ്മിനുള്ളില്‍ എതിർപ്പ് ശക്തമാകുന്നുണ്ട്.
ഇടതുമുന്നണിയില്‍ ഭിന്നതയുണ്ട് എന്ന് പ്രതിപക്ഷത്തിന് വരുത്തിത്തീർക്കാൻ സിപിഐ കാരണമാകുന്നു എന്നാണ് പ്രധാന ആക്ഷേപം. പരസ്യപ്രതികരണങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കുമെന്നാണ് സിപിഎം വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം
