ന്യൂഡൽഹി: തൃശൂരിൽ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ച നടപടിയിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നടപടിക്കു പിന്നിൽ രാഷ്ട്രീയ വേട്ടയാടലാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കാരണം അറിയാതെയാണ് ആദായ നികുതി വകുപ്പിന്റെ നടപടിയെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കു വെളിപ്പെടുത്താത്ത അക്കൗണ്ടുകളില്ലെന്നും യെച്ചൂരി പറഞ്ഞു.
തൃശൂർ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണു മരവിപ്പിച്ചത്. ഈ അക്കൗണ്ട് വഴി ഈ മാസം ഒരു കോടി രൂപ പിൻവലിച്ചിരുന്നു. അതേസമയം, തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സുതാര്യമാണെന്ന് ജില്ലാ നേതൃത്വം പ്രതികരിച്ചു. നാല് കോടി 80 ലക്ഷം രൂപയാണ് ബാങ്കിൽ ഇപ്പോഴത്തെ ബാലൻസ്.

