കൊച്ചി: സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന്‍ അന്തരിച്ചു. 86 വയസ് ആയിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. എറണാകുളം വടക്കൻ പറവൂരിലെ മകൾ സുലേഖയുടെ വീട്ടിലായിരുന്നു അന്ത്യം. സി.പി.എം പി ബി അംഗവും എംപി യുമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്. മൃതദേഹം പറവൂർ ഡോൺ ബോസ്കൊ ആശുപത്രി മോർച്ചറിയൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഇന്ന് കളമശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
2012 ല്‍ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മഹിള അസോസിയേഷന്‍ നേതാവായും സരോജിനി ബാലാനന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 ല്‍ ആലുവയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ദീര്‍ഘകാലം സംസ്ഥാന സമിതിയില്‍ പ്രവര്‍ത്തിച്ചിരുന്നു.
കേരളത്തിലെ ഇടതുപക്ഷ രാഷ്‌ട്രീയത്തിലെ മാതൃകാദമ്പതികളായിരുന്നു ബാലാനന്ദനും സരോജിനിയും. ഇഎംഎസ് മന്ത്രിസഭ അധികാരത്തിൽ വന്നതുവഴി കേരളത്തിലെ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ചരിത്രത്തിലെ സുവർണവർഷമായ 1957ലാണ് ഇരുവരും വിവാഹിതരായത്. ബാലാനന്ദന്റെ അമ്മയുടെ ബന്ധത്തിലുള്ള അമ്മാവനായ കേശവൻ വൈദ്യന്റെ മകളാണു സരോജിനി. കല്യാണസമയത്തു കൊല്ലത്ത് വിമൻസ് കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുകയായിരുന്നു അവർ.
വിവാഹശേഷം കുറെക്കാലം ആലുവ അശോക ടെക്‌സ്‌റ്റൈൽസിലെ സഹകരണസംഘത്തിൽ ക്ലാർക്കായി ജോലിചെയ്‌തിരുന്നു. 1968ൽ ജോലി രാജിവച്ച് സരോജിനി സജീവരാഷ്‌ട്രീയത്തിലിറങ്ങി. 1978ൽ സിപിഎം ഏരിയാ കമ്മിറ്റി അംഗമായി. തുടർന്ന് കളമശേരി പഞ്ചായത്ത് പ്രസിഡന്റും പാർട്ടി സംസ്‌ഥാന കമ്മിറ്റി അംഗവുമായി. 2009ലാണ് ഇ.ബാലാനന്ദൻ അന്തരിച്ചത്.
1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവയിൽനിന്നു സിപിഎം സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അന്നത്തെ സിറ്റിങ് എംഎൽഎ കോൺഗ്രസിലെ കെ. മുഹമ്മദാലിയോടാണ് പരാജയപ്പെട്ടത്. ദീർഘകാലം പാർട്ടിയുടെ സംസ്‌ഥാന സമിതി അംഗമായിരുന്ന സരോജിനി ബാലാനന്ദൻ, സംസ്‌ഥാന സമിതിയിൽനിന്ന് ഒഴിവായപ്പോൾ വികാരാധീനയായി പൊട്ടിക്കരഞ്ഞത് വാർത്തയായിരുന്നു.
