മധുര: സാംസ്‌കാരിക മേഖലയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതിലും അവിടേക്കുള്ള സംഘപരിവാറിന്റെ കടന്നു കയറ്റം തടയുന്നതിലും പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് സിപിഎം വിലയിരുത്തല്‍. പാര്‍ട്ടി കോണ്‍ഗ്രസിലെ റിപ്പോര്‍ട്ടിലും ചര്‍ച്ചകളിലും ഇക്കാര്യം ഉയര്‍ന്നുവന്നു.
‘വര്‍ഗ്ഗ സമരത്തെ വിജയിപ്പിക്കാന്‍ സാമ്പത്തികമോ രാഷ്ട്രീയമോ ആയ സമരം മാത്രം പോര, അതിന് ആശയപരമായ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമുണ്ട് മുന്‍പ് ഗ്രന്ഥശാലകളിലൂടെയും സാംസ്‌കാരിക കലാ പരിപാടികളിലൂടെയും ഇടതുപക്ഷം ഈ ധര്‍മ്മം നിര്‍വഹിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ വീഴ്ച വന്നിട്ടുണ്ട്. ആശയപരമായ ഈ ഒരു ശൂന്യതയിലേക്കാണ് സംഘപരിവാര്‍ കടന്നുകയറുന്നത്. ഇത് തിരിച്ചറിയുന്നതിലും പ്രതിരോധിക്കുന്നതിലും പാര്‍ട്ടിക്ക് വീഴ്ച പറ്റി- ഒരു മുതിര്‍ന്ന നേതാവ് ചൂണ്ടിക്കാട്ടി.
സാംസ്‌കാരിക മേഖലയിലേക്കുള്ള ഹിന്ദുത്വ കടന്നുകയറ്റം തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് ഇടതുപക്ഷം പുതിയ നവോത്ഥാന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുകയും അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തത്. എന്നാല്‍ ഇവ ശരിയായ തോതില്‍ ജനങ്ങളിലേക്ക് എത്തിയിട്ടില്ല എന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
ആശയരംഗത്തെ പോരാട്ടം ഇല്ലാതെ ഹിന്ദുത്വ ശക്തികളെ ഒറ്റപ്പെടുത്താന്‍ ആവില്ല. ഈ തിരിച്ചറിവിലാണ് സാംസ്‌കാരിക പ്രതിരോധം തീര്‍ക്കണം എന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നുവരുന്നത്. ‘സിനിമാ മേഖലയും ആശയ പ്രചരണത്തിനുള്ള വേദിയായി ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ എംപുരാന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക രംഗത്തിലൂടെയുള്ള ഇടപെടലിന് പ്രാധാന്യം ഏറെയാണ്,’ ഒരു കേന്ദ്ര കമ്മിറ്റി അംഗം ചൂണ്ടിക്കാട്ടി.
കലാസാംസ്‌കാരിക രംഗങ്ങളിലും സിനിമയിലും ഏതുതരത്തില്‍ ഇടത് സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ആകും എന്ന ചര്‍ച്ചയും അതിനുവേണ്ട ആശയപ്രചാരണം നടത്തുന്നതും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാകുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
