മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മണ്ഡലത്തിൽ സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. പാർട്ടി സ്ഥാനാർഥി നിലമ്പൂരിൽ വേണ്ടെന്നാണ് ധാരണ. ഇന്ന് തിരുവനന്തപുരത്ത് തുടരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനമുണ്ടാകും. മൂന്ന് സ്വാതന്ത്രരുടെ പേരാണ് അവസാന പട്ടികയായി നിലമ്പൂർ മണ്ഡലത്തിന്റെ ചുമതലയുള്ള എ വിജയരാഘവനും എം സ്വരാജും സംസ്ഥാന സെക്രട്ടേറിയറ്റിൽ അവതരിപ്പിക്കുക. നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിലായിരിക്കില്ല സ്ഥാനാർഥി മത്സരിക്കുക. പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിക്കാണ് മണ്ഡലത്തിൽ വിജയിക്കാൻ സാധിക്കുക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിർണായകമായ തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം 12 മണിക്ക് ചേരുന്ന സിപിഐഎം നിലമ്പൂർ മണ്ഡലം കമ്മറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്യും.
സിപിഐഎം നേരത്തെയും മണ്ഡലത്തിൽ സ്വാതന്ത്രന്മാരെ മത്സരിപ്പിച്ചിട്ടുണ്ട്. ഇതിന് മുൻപ് പാർട്ടി സ്ഥാനാർഥിയായി നിലമ്പൂരിൽ മത്സരിച്ചത് മുൻ സ്പീക്കർ ആയിരുന്ന ശ്രീരാമകൃഷ്ണനായിരുന്നു. എന്നാൽ ആര്യാടൻ മുഹമ്മദായിരുന്നു മണ്ഡലത്തിൽ വിജയിച്ചിരുന്നത്.
അതേസമയം, നിലമ്പൂരിൽ മത്സരിക്കാനുള്ള പിവി അൻവറിന്റെ പ്രഖ്യാപനം നീട്ടി. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്ന തീരുമാനത്തിലായിരുന്നു പിവി അൻവര്‍. എന്നാൽ, യുഡിഎഫിലെ ഉന്നത നേതാക്കൾ വിളിച്ച് ഒരു പകൽ കൂടി വെയിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം യുഡിഎഫ് തീരുമാനത്തിനായി ഒരു പകൽ കൂടി കാത്തിരിക്കുമെന്നും മാന്യമായ തീരുമാനം പ്രതീക്ഷിക്കുകയാണെന്നും പിവി അൻവര്‍ വ്യക്തമാക്കി. പ്രഖ്യാപനം നടത്താൻ ഇന്ന് രാവിലെ ഒമ്പതിന് വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം തൽക്കാലത്തേക്ക് നീട്ടിയതായി പിവി അൻവര്‍ അറിയിച്ചത്.
സമൂഹത്തിലെ പ്രധാനപ്പെട്ട സാമുദായിക നേതാക്കളും യുഡിഎഫിന്‍റെ ഉത്തരവാദിത്വപെട്ട നേതാക്കളും ചില സാമൂഹിക നേതാക്കളും എല്ലാവരും വിളിച്ച് ഒരു പകൽ കൂടി നിങ്ങള്‍ കാത്തിരിക്കണമെന്ന് ആണ് അവർ ആവശ്യപ്പെട്ടത്. പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലീം ലീഗ് നേതാക്കളും കോണ്‍ഗ്രസിന്‍റെ ഉത്തരവാദിത്വപ്പെട്ട നേതാക്കളും ഇപ്പോള്‍ പ്രഖ്യാപനം നടത്തരുതെന്ന് പറഞ്ഞിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ എന്തിനാണോ ഇപ്പോ വാര്‍ത്താസമ്മേളനം വിളിച്ചത് അക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും പിവി അൻവര്‍ പറഞ്ഞു. ഇത്രയധികം ആളുകള്‍ കാത്തിരിക്കണമെന്ന് പറയുമ്പോള്‍ അത് മുഖവിലക്കെടുക്കാതിരിക്കാൻ കഴിയില്ല. അവര്‍ പറഞ്ഞ കാര്യം മുഖവിലക്കെടുത്തുകൊണ്ട് പറയാൻ വിചാരിച്ച കാര്യങ്ങള്‍ തൽക്കാലം മാറ്റിവെക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ യോഗം ഇന്ന് രാവിലെ 11ന് ചേരുന്നുണ്ടെന്നും ഇക്കാര്യമൊക്കെ ചര്‍ച്ച ചെയ്യുമെന്നും പിവി അൻവര്‍ പറഞ്ഞു.
അൻവർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗവുമുണ്ട്. എന്നാൽ യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിൽ പിവി അൻവര്‍ അയയുന്നുവെന്ന സൂചനയാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലുണ്ടായത്. സമുദായ നേതാക്കൾ വഴിയും മധ്യസ്ഥ ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം.
