മധുര: ന്യൂനപക്ഷവർഗീയതയെയും ഭൂരിപക്ഷ വർഗീയതയേയും ഒരേസമയം എതിർക്കണമെന്ന് സിപിഎം. മധുരയിൽ 24-ാം പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാനിരിക്കുന്ന കരട് രാഷ്ട്രീയ അവലോകന രേഖയിലാണ് പാർട്ടി ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളം ഉൾപ്പെടെയുള്ള പാർട്ടി ശക്തികേന്ദ്രങ്ങളിൽ സംഘപരിവാർ ശക്തിയാർജ്ജിച്ചത് തങ്ങളുടെ ചെലവിലാണെന്നും അവലോകന രേഖയിൽ സ്വയംവിമർശനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്കിടയിൽ മതബോധം വർധിച്ചുവരുന്ന കാലത്ത് മതേതര ബോധം പ്രചരിപ്പിക്കാൻ പാർട്ടി മുൻകൈ എടുക്കണമെന്നും രേഖയിൽ പറയുന്നു.
പശ്ചിമ ബംഗാളിലും തൃപുരയിലും മാത്രമല്ല, കേരളത്തിലും ബിജെപി ശക്തിപ്രാപിക്കുകയാണെന്ന് സിപിഎം വിലയിരുത്തുന്നു. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ പാർട്ടിക്ക് സ്വാധീനം നഷ്ടമാകുകയും അതേസമയം, വർഗീയത ശക്തിപ്രാപിക്കുകയുമാണ്. വർഗീയ ശക്തികളുടെ ആക്രമണത്തിന് പാർട്ടി വിധേയമാകേണ്ടി വരുന്നെന്നും കരട് രാഷ്ട്രീയ അവലോകന രേഖയിൽ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമ ബംഗാളിൽ 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം ബിജെപി മുഖ്യ പ്രതിപക്ഷപാർട്ടിയായി. അത് സിപിഎമ്മിന്റെ ചെലവിലാണെന്ന് രേഖയിൽ കുറ്റപ്പെടുത്തുന്നു. തൃപുരയിൽ 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ പാർട്ടിക്ക് വലിയതോതിൽ സ്വാധീനം നഷ്ടമായി. തൃപുരയിൽ പാർട്ടി ഹിന്ദുത്വ വർഗീയശക്തികളുടെ തുടർച്ചയായ ആക്രമണം നേരിടുകയാണെന്നും സിപിഎം രേഖയിൽ പറയുന്നു. കേരളത്തിലും ഒരുപരിധിവരെ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി. അതാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
ബിജെപിയെയും സംഘപരിവാർ സംഘടനകളെയും എതിർക്കുന്ന പാർട്ടി രീതി കൂടുതൽ ശക്തമാകേണ്ടതിന്റെ ആവശ്യമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിവിധ കാരണങ്ങളാൽ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കിടയിലും മതബോധം വർധിച്ചുവരുന്നുണ്ട്.
മതവികാരമുപയോഗപ്പെടുത്തി വിശ്വാസികൾക്കിടയിൽ ഹിന്ദുത്വവർഗീയത വളർത്താൻ ആചാരങ്ങളെയും ഉത്സവാഘോഷങ്ങളെയും ആർഎസ്എസ് ഉപയോഗപ്പെടുത്തുകയാണ്. സ്ത്രീകളെയാണ് അവർ പ്രധാനമായും ലക്ഷ്യമിടുന്നത്. വിശ്വാസത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് തടയാൻ വിശ്വാസികളിലേക്ക് ഇറങ്ങിച്ചെന്ന് പാർട്ടി പ്രവർത്തിക്കണം. മതേതര രാഷ്ട്രീയബോധത്തിലേക്ക് അവരെ മാറ്റിയെടുക്കണം
ന്യൂനപക്ഷവർഗീയതയെയും എതിർക്കേണ്ടത് അനിവാര്യമാണ്. ഇസ്‌ലാമിക മതമൗലികവാദത്തെ അതിന്റെ സാമൂഹ്യപ്രത്യാഘാതം തിരിച്ചറിഞ്ഞുകൊണ്ട് ചെറുക്കേണ്ടത് അനിവാര്യമാണെന്നും സിപിഎം രേഖ വ്യക്തമാക്കുന്നു.
ആരാധാനാലയങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയലക്ഷ്യത്തോടെ ബിജെപി പ്രവർത്തിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ജാഗ്രതയോടെ ഇടപെടണമെന്നും സംസ്ഥാന റിപ്പോർട്ടും ചൂണ്ടിക്കാട്ടിയിരുന്നു.
സിപിഎം ശക്തികേന്ദ്രങ്ങളിൽപ്പോലും ബിജെപി വോട്ടുയർത്തുകയാണെന്ന് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, ബിജെപി വളർച്ചയ്ക്ക് സിപിഎം കാരണമാകുന്നുവെന്ന് സംസ്ഥാന റിപ്പോർട്ടിൽ തുറന്നുസമ്മതിച്ചിരുന്നില്ല. ബിജെപിയുടെ വളർച്ചയ്ക്ക് സിപിഎമ്മും കാരണമാകുന്നുണ്ടെന്ന പാർട്ടികോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രേഖയിലെ തുറന്നുസമ്മതിക്കൽ ഏറെ രാഷ്ട്രീയചർച്ചയ്ക്ക് വഴിയൊരുക്കുന്നതാണ്.
