വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയിൽ കൂടുതൽ നടപടിയുമായി സിപിഎം; ജില്ലാ സമ്മേളനത്തിന് കരുനാഗപ്പളളിയിൽ നിന്നും പ്രതിനിധികൾ ഉണ്ടാകില്ല

കൊല്ലം: സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ട കരുനാഗപ്പള്ളിയിൽ കൂടുതൽ നടപടികളെടുക്കാനൊരുങ്ങി സംസ്ഥാന നേതൃത്വം. വിഭാഗീയത രൂക്ഷമായതിനെത്തുടർന്ന് നിലവിലെ ഏരിയ കമ്മിറ്റിക്ക് പാർട്ടിയെ നയിക്കാനാകില്ലെന്ന വിലയിരുത്തലിലാണ് സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടത്. കരുനാഗപ്പള്ളിയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ല. ഇത് വലിയ വിമർശനമാണ് ഉയർത്തുന്നത്.

സൂസൻ കോടിക്കൊപ്പമുളള വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആർ.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോര് പാർട്ടിയെ പ്രദേശികമായി തകർക്കുന്നുവെന്നാണ് ആക്ഷേപം. സൂസൻകോടി, പി.ആർ.വസന്തൻ തുടങ്ങി കരുനാഗപ്പള്ളിയിൽ നിന്നുള്ള സംസ്ഥാന ജില്ലാ ഭാരവാഹികളെ ഈ സമ്മേളന കാലത്ത് തരംതാഴ്ത്താനാണ് സാധ്യത. പ്ലക്കാർഡുകളുമായി പ്രതിഷേധം നടത്തിയ വിമതർക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും.

കരുനാഗപ്പള്ളിയിൽ നിന്നുള്ള പ്രതിനിധികൾ ഇല്ലാതെയാണ് ഇത്തവണ ജില്ലാ സമ്മേളനം നടക്കാൻ പോകുന്നത്. സംസ്ഥാന സമ്മേളനത്തിലും കരുനാഗപ്പള്ളിക്ക് പ്രാതിനിധ്യം ഉണ്ടാകില്ല. അതേസമയം ഏരിയ കമ്മിറ്റിക്ക് പകരമുള്ള ഏഴംഗ അഡ്ഹോക്ക് കമ്മിറ്റി ഇന്ന് ചുമതലയേൽക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: