ഗംഗാവാലി പുഴയിൽ ലോറിയുടെ ക്രാഷ് ഗാർഡ്; കണ്ടെത്തിയത് അർജുന്റേത് തന്നെ, സ്ഥിരീകരിച്ച് മനാഫ്


ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ക്രാഷ് ഗാർഡ് കിട്ടിയെന്ന് ലോറിയുടമ മനാഫ്. ഇത് അർജുൻ ഓടിച്ച വണ്ടിയുടെ ക്രാഷ് ഗാർഡാണെന്നും സ്ഥിരീകരിച്ചു. ഇപ്പോൾ തെരയുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും മനാഫ് പറ‍ഞ്ഞു. എന്നാൽ കാലാവസ്ഥ വീണ്ടും വെല്ലുവിളി ഉയർത്തുന്നുണ്ട്.


നേരത്തെ, പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയ കയർ അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്‍റെ ഉടമ മനാഫ് പ്രതികരിച്ചിരുന്നു. ഇനിയും നീളത്തിൽ കയർ ഉണ്ടെന്നും ഇതിൻ്റെ അറ്റം പിടിച്ച് പോയാൽ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മനാഫ് പറയുന്നു.

അടുത്ത മൂന്ന് ദിവസം ഉത്തര കന്നഡ ജില്ലയിലും തീരദേശ കർണാടകയിലെ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇത് ഷിരൂരിലെ തെരച്ചിൽ പ്രതിസന്ധിയിലാക്കിയേക്കും. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലിനും തടസമാകും.

ഉത്തര കന്നഡ ജില്ലയിലും തീരദേശ കര്‍ണാടകയിലെ ജില്ലകളിലും അടുത്ത മൂന്ന് ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ തുടര്‍ന്നാല്‍ ഡ്രഡ്ജിങ് എളുപ്പമാകില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്കും വര്‍ധിച്ചാൽ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തടസം നേരിടാം. ഇന്നലെ ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്‍എൽ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്‍റെ അസ്ഥിയാണെങ്കിൽ ഇന്നുച്ചയോടെ തന്നെ സ്ഥിരീകരണം കിട്ടും. അങ്ങനെയെങ്കിൽ ഇത് ഡിഎൻഎ പരിശോധനയ്ക്ക് അയക്കും.

അതേസമയം ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ തെരച്ചിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഇന്നലെ രാവിലെ തന്നെ തെരച്ചിലിൽ ഏകോപനത്തിന്റെ അഭാവം പ്രകടമായിരുന്നു. നാവിക സേന മാർക്ക് ചെയ്ത സ്ഥലത്ത് ഈശ്വർ മാൽപെ ഇറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാർ തടഞ്ഞു. പിന്നീട് ഇത് ഒരു തർക്കമായി. പിന്നീട് ഈശ്വർ മാൽപെ ഇന്നലെ ടാങ്കർ ക്യാബിൻ കണ്ടെത്തിയ സ്ഥലത്താണ് ഇറങ്ങി മുങ്ങിയത്. അവിടെ നിന്ന് ഒരു ആക്ടീവ സ്‌കൂട്ടറും അർജുന്റെ ലോറിയിലുണ്ടായിരുന്നുവെന്ന് കരുതുന്ന അക്കെഷ്യ മരത്തടികളും കണ്ടെടുത്തു. ഈ വിവരങ്ങൾ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെയാണ് പോലിസ് ഇടപെട്ടതും ജില്ലാ ഭരണകൂടത്തെ വിവരങ്ങൾ ആദ്യം അറിയിക്കണമെന്നും പറഞ്ഞത്. ഇതോടെയാണ് മാൽപെ പിണങ്ങി ഇറങ്ങിപ്പോയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: