കോട്ടയം: പാലാ നഗരസഭ സിപിഐഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം പുറത്താക്കി. ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയതില്‍ ബിനു വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിലാണ് പാര്‍ട്ടി നടപടി. പാലാ നഗരസഭയിൽ സിപിഎം പാർലമെന്ററി പാർട്ടി നേതാവാണ് നിലവിൽ ബിനു പുളിക്കകണ്ടം. ബിനുവിനെ പുറത്താക്കാനുള്ള പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നൽകി.
പാലാ നഗരസഭയിലെ ചെയർമാൻ സ്ഥാനത്തേക്ക് ബിനുവിനെ കൊണ്ടുവരുന്നതിനെതിരെ കേരള കോൺഗ്രസ് എം നിലപാട് എടുത്തതാണ് നഗരസഭയിൽ തര്‍ക്കങ്ങൾ തുടങ്ങാൻ കാരണം. പിന്നീട് വെളുത്ത വസ്ത്രം ഉപേക്ഷിച്ച് കറുപ്പ് വസ്ത്രം മാത്രം അണിഞ്ഞ ബിനു പുളിക്കകണ്ടം കറുപ്പ് ഉപേക്ഷിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതോടെയാണ് ബിനു പുളിക്കകണ്ടം പ്രതിഷേധം അവസാനിപ്പിച്ചത്. നിലനിൽപ്പിനായി അപേക്ഷിക്കുന്നവരോട് ബാലിശമായ യുദ്ധങ്ങൾ നടത്താൻ ഇല്ലെന്നായിരുന്നു ബിനുവിൻ്റെ നിലപാട്.

