മലപ്പുറം: കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് കോടികൾ തട്ടിയെടുത്തു. മലപ്പുറം വളാഞ്ചേരിയിലെ കെഎസ്എഫ്ഇ ബ്രാഞ്ചിലാണ് അപ്രൈസർ ഉൾപ്പെടെ ചേർന്ന് തട്ടിപ്പ് നടത്തിയത്. പാലക്കാട് സ്വദേശികളായ അബ്ദുൾ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്റഫ്, റഷീദലി എന്നിവർ 221.63 പവൻ സ്വർണമാണെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം പണയംവെച്ച് 1.48 കോടി രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ ബ്രാഞ്ച് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബ്രാഞ്ചിലെ അപ്രൈസറായ രാജൻ, അബ്ദുൾ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്റഫ്, റഷീദലി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
സ്വർണം പണയം വെക്കുമ്പോൾ സ്വർണം ആണോയെന്ന് പരിശോധിക്കുന്ന ജീവനക്കാരനാണ് രാജൻ. ഇയാളുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംശയം തോന്നിയതിനെ തുടർന്ന് ബ്രാഞ്ച് മാനേജർ ആണ് പൊലീസിൽ പരാതി നൽകിയത്. പത്ത് അക്കൗണ്ടുകളിലൂടെയാണ് പണയം വെച്ചത്. ചില ചിട്ടിയ്ക്ക് ജാമ്യമായും സ്വർണമാണെന്ന വ്യാജേന മുക്കുപണ്ടമാണ് വെച്ചത്. കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലും ഈ വർഷം ജനുവരിയിലും സ്വർണം വെച്ചിട്ടിട്ടുണ്ട്. സംഭവത്തിൽ മറ്റു ജീവനക്കാർക്കും പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

