ഇടുക്കി: നീലകുറിഞ്ഞി കാണാൻ കല്യാണത്തണ്ട് മലനിരകളിൽ തിരക്ക്. മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞിക്ക് സമാനമാണ് കട്ടപ്പന കല്യാണത്തണ്ട് മലനിരകളിൽ പൂവിട്ട കുറിഞ്ഞികളും. ഇൻസ്റ്റഗ്രാമിലും ഫേസ് ബുക്കിലും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ കുറിഞ്ഞി വസന്തം പടർന്നതോടെ കാഴ്ചക്കാരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. തുടക്കത്തിൽ അങ്ങിങ്ങായി ചെറിയ തോതിൽ കണ്ട പൂക്കൾ ശക്തമായ മഴ ദിവസങ്ങൾക്ക് ശേഷം ഒരു മലനിരയാകെ പടർന്നിരിക്കുകയാണ്. വിവിധ ജില്ലകളിൽ നിന്നുള്ള സഞ്ചാരികളാണ് കുറിഞ്ഞി വസന്തം നുകരാൻ എത്തുന്നത്. സഞ്ചാരികളിൽ ഏറെയും ചെറുപ്പക്കാരണന്നതാണ് മറ്റൊരു പ്രത്യേകത. ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

