നടിയെ ആക്രമിച്ച കേസിൽ നിർണായക ദിനം; മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ ഹൈക്കോടതി വിധി ഇന്ന്

 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇന്ന് നിർണായക ദിനം. കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിലെ വിവരം ചോർന്നു എന്ന് ആരോപിച്ചായിരുന്നു അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം എന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം. ഈ ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിക്കുക.

കോടതിയുടെ പരിഗണനയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്തുന്നതിന് വേണ്ടി കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറൻസിക് റിപ്പോർട്ട് തെളിവായുണ്ടെന്നാണ് പ്രധാന വാദം.

ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിയിൽ നടി ചൂണ്ടിക്കാട്ടിയിരുന്നു. 2018 ജനുവരി 9നും ഡിസംബർ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ കീഴ്‌ക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കുന്നത് പരിശോധിക്കാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണങ്ങള്‍ റദ്ദാക്കണമോ എന്നതാണ് ഹൈക്കോടതി പരിശോധിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: