പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ സിംഗിൾ ആണെന്ന് താരം വെളിപ്പെടുത്തി നടി പാർവ്വതി തെരുവോത്ത്. സിനിമാരംഗത്ത് സംവിധായകരുമായോ നടൻമാരുമായോ അടുപ്പമുണ്ടായിട്ടില്ല, പക്ഷേ ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. ഡേറ്റിങ് ആപ്പുകളിൽ പ്രൊഫൈൽ ഉണ്ടെങ്കിലും അവയോട് താല്പര്യമില്ല. മറിച്ച് ഒരാളെ നേരിൽ കണ്ടു മനസ്സിലാക്കി പ്രണയിക്കുന്നതിലാണ് താല്പര്യമെന്നും പാർവതി പറഞ്ഞു. ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
പാർവതി തിരുവോത്തിന്റെ വാക്കുകൾ: “ഞാൻ പ്രണയിച്ചിട്ടുണ്ട്. പക്ഷേ, കുറെ നാളായി സിംഗിളാണ്. മുൻകാമുകൻമാരില്‍ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നയാളാണ് ഞാൻ. പലരുമായും ഞാൻ ഇപ്പോഴും സംസാരിക്കാറുണ്ട്. വളരെ അടുത്ത ബന്ധം പുലർത്തുന്നു എന്നല്ല. എങ്കിലും, വല്ലപ്പോഴും വിളിച്ച്, നിനക്ക് സുഖമാണോ എന്നു ചോദിക്കുന്നതിൽ തെറ്റില്ല. കാരണം ഏതോ ഒരു കാലത്ത് ഞങ്ങൾ പരസ്പരം സ്നേഹിച്ചിരുന്നവരാണ്. ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചിരുന്നവരാണ്. അവർ സന്തോഷമായിരിക്കണമെന്ന് കരുതുന്നു. കാരണം, ഞാൻ സന്തോഷവതിയാണ്. ചിലപ്പോള്‍ ഒറ്റപ്പെടല്‍ തോന്നും. കെട്ടിപ്പിടിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്. മനുഷ്യരുടെ സ്പർശമില്ലാതെ നമ്മള്‍ കടന്നു പോകുന്ന ദിവസങ്ങളുണ്ടല്ലോ… അത് ന്യായരഹിതമാണ്.”
“ഒരുപാട് മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോയ ആളാണ് ഞാൻ. അമിതമായി ഭക്ഷണം കഴിക്കുന്ന കുഴപ്പം എനിക്കുണ്ടായിരുന്നു. ബോഡി ഡിസ്മോർഫിയ അതിന്റെ അതിന്റെ പീക്കിലായിരുന്നു. ആ സമയത്ത് ഞാൻ വളരെ നല്ല ഒരു വ്യക്തിയെ ഡേറ്റ് ചെയ്യുകയായിരുന്നു. എനിക്ക് ദേഷ്യവും വിശപ്പും ഒരുമിച്ച് വരും. വിശക്കുന്നതിന് എനിക്ക് ദേഷ്യം വരും. ഭക്ഷണം കഴിക്കണ്ട എന്ന് വിചാരിക്കും. കാരണം നമ്മൾ തടിവച്ച് കാണാൻ വൃത്തികേടായിപ്പോകും എന്നൊക്കെ തോന്നും. ആ സമയത്ത് അവൻ എനിക്ക് വേണ്ടി ഭക്ഷണമുണ്ടാക്കും. ചായയും ജിഞ്ചർ ടീയും ഒക്കെ ഉണ്ടാക്കി തരും. പക്ഷേ, ഭക്ഷണത്തോടുള്ള എന്റെ ദേഷ്യം ആ ബന്ധത്തെ മോശമാക്കാൻ തുടങ്ങി. എന്റെ മാനസികബുദ്ധിമുട്ടുകൾ ആ ബന്ധത്തെയും ബാധിച്ചു. ഞാൻ തന്നെ ആ ബന്ധം നശിപ്പിക്കുകയാണെന്ന് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഞാൻ മനസ്സിലാക്കി. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും സംസാരിച്ചു. ഞാൻ ക്ഷമ ചോദിച്ചു. കുറെ നാളുകൾക്ക് ശേഷം അങ്ങനെ തുറന്നു സംസാരിക്കുന്നത് ഒരുതരത്തിൽ മുറിവുണക്കലാണ്. ഇനി മറ്റാെരാളെ ജീവിതത്തിലേക്ക് കൊണ്ട് വരും മുമ്പ് ഞാൻ എന്റെ കാര്യം കുറച്ച് കൂടി ശ്രദ്ധിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ അവർക്ക് ഒരുപാട് കാര്യങ്ങള്‍ നേരിടേണ്ടി വരും.”
സിനിമാ രംഗത്ത് ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. നടൻമാരുമായോ സംവിധായകരുമായോ റിലേഷൻഷിപ്പുണ്ടായിട്ടില്ല. അത് പ്ലാൻ ചെയ്ത് സംഭവിച്ചതല്ല. സിനിമയെക്കുറിച്ച് മനസ്സിലാകുന്ന ഒരാൾ ആകുന്നത് വളരെ പ്രധാനമാണ്. അവർക്ക് നമ്മുടെ ജോലിയെക്കുറിച്ച് മനസ്സിലാകും. പ്രണയത്തിലാകുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ, കുറച്ചു വർഷങ്ങളായി ഞാൻ സിംഗിളാണ്, ഏകദേശം മൂന്നരവർഷത്തോളമായി. നാല് മാസം മുമ്പ് എന്നെ സുഹൃത്തുക്കള്‍ ഡേറ്റിങ് ആപ്പുകൾ പരിചയപ്പെടുത്തി. പക്ഷേ, ആളുകളെ ‘ഷോപ്പ്’ ചെയ്യുന്നത് വിചിത്രമായിട്ടാണ് എനിക്ക് തോന്നിയത്. ഫ്രാൻസില്‍ വെച്ച് ടിൻഡറില്‍ എന്റെ പ്രൊഫൈല്‍ പിക്ചർ വച്ചു. എന്റെ സുഹൃത്തുമുണ്ടായിരുന്നു ഒപ്പം. ഇവിടെ വെച്ച് നിന്നെ ആരും തിരിച്ചറിയില്ലെന്ന് അവള്‍ പറഞ്ഞു. ഒരുപാട് മുഖങ്ങള്‍ ഞാൻ അവിടെ കണ്ടു. പക്ഷേ, പെട്ടെന്ന് തന്നെ ഞാൻ ടിൻഡർ ഉപേക്ഷിച്ചു. പിന്നീട് ബംബിൾ, റായ തുടങ്ങിയ ഡേറ്റിങ് ആപ്പുകള്‍ വന്നു.”
“ഞാൻ ഡേറ്റിങ് ആപ്പുകളിലുണ്ട്. ചിലപ്പോഴൊക്കെ കയറി നോക്കും. പക്ഷേ, മിക്കവാറും അക്കൗണ്ട് സസ്പെൻഡ് ചെയ്തുവയ്ക്കും. ചിലരുടെ ബയോ വായിച്ചാല്‍ കഥയെഴുതാം. പക്ഷേ, അവരെ താഴ്ത്തി കാണുകയല്ല, ചിലപ്പോള്‍ ഞാനും അങ്ങനെ ബയോ വയ്ക്കാറുണ്ട്. ഇപ്പോഴത്തെ റിയാലിറ്റി ഇതാണ്. പക്ഷേ, എനിക്ക് പഴയ രീതിയില്‍ ഒരാളെ കണ്ടെത്താനാണിഷ്ടം. നേരിട്ട് കാണുക, കണ്ണുകൾ കൊണ്ട് സംസാരിക്കുക, കാണുമ്പോഴുള്ള ആവേശം അനുഭവിക്കുക, അതൊക്കെയാണ് എനിക്കിഷ്ടം. ഞാൻ വളരെ മനോഹരമായി പ്രണയിക്കുന്ന ആളാണ്. എനിക്ക് തോന്നുന്നത് പ്രണയം നമ്മുടെ തലച്ചോറിൽ തന്നെ ഉള്ളതാണ്. അത് ആർക്കും എടുത്തു മാറ്റാൻ കഴിയില്ല,” പാർവതി തിരുവോത്ത് പറയുന്നു.
