സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും; സ്വർണ കപ്പിനായി തീപാറും പോര്

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. അഞ്ചുനാൾ കേരളക്കരയെ വിസ്മയിപ്പിച്ച കൗമാര മാമാങ്കത്തിന് അവസാനമാകുമ്പോൾ ചാമ്പ്യന്മാർക്കുള്ള ആ സ്വർണക്കപ്പിൽ മുത്തമിടാനാകുക ആർക്കെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. പോയിന്റ് പട്ടികയിൽ ആദ്യസ്ഥാനത്തുള്ള കോഴിക്കോടും കണ്ണൂരും തമ്മിൽ ഇന്നും നടക്കുന്ന തീപാറും പ്രകടനങ്ങൾക്കൊടുവിൽ മാത്രമേ അന്തിമ വിജയികളെ അറിയാനാകൂ.

കോഴിക്കോടിന് 896 പോയിൻറാണുള്ളത്. കണ്ണൂരിന് 892 പോയിന്റും. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്. നിലവിൽ മൂന്നാം സ്ഥാനത്തെങ്കിലും സ്വർണക്കപ്പെന്ന സ്വപ്നം പാലക്കാട്ടെ കുട്ടികളും ഉപക്ഷിച്ചിട്ടില്ല. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനായിരിക്കും. മമ്മൂട്ടി മുഖ്യാതിഥിയായെത്തും.

239 മത്സരങ്ങളിലായി 12,107 കുട്ടികളാണ് ഇത്തവണ പങ്കെടുത്തത്. കോഴിക്കോട് ജില്ലയിൽനിന്നാണ് കൂടുതൽ മത്സരാർഥികൾ. 1001 കുട്ടികൾ കോഴിക്കോടിനെ പ്രതിനിധീകരിച്ചു. കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള ബഹുമതി പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിനാണ്. സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാനവേദിയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: