ബെംഗളൂരു: നടിയും കോണ്‍ഗ്രസ് മുൻ എംപിയുമായ രമ്യ(ദിവ്യ സ്പന്ദന)ക്കുനേരേ നടന്ന സൈബർ ആക്രമണത്തില്‍ ബെംഗളൂരു പോലീസ് കേസെടുത്തു
നടി ബെംഗളൂരു പോലീസ് കമ്മിഷണർക്ക് നല്‍കിയ പരാതിയിലാണ് കേസ്. നടനും രേണുകാസ്വാമി കൊലക്കേസ് പ്രതിയുമായ ദർശന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ സുപ്രീംകോടതി വിമർശിച്ചതുമായി ബന്ധപ്പെട്ട് രമ്യ സാമൂഹികമാധ്യമത്തില്‍ അഭിപ്രായം പോസ്റ്റ് ചെയ്തതിന്റെ തുടർച്ചയായാണ് സൈബർ ആക്രമണം അരങ്ങേറിയത്. സുപ്രീം കോടതിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്തും രേണുകാസ്വാമിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു രമ്യയുടെ പോസ്റ്റ്. ദർശന്റെ ആരാധകരാണ് രമ്യക്കുനേരേ സൈബർ ആക്രമണം നടത്തിയതെന്നാണ് പരാതി.
ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ആഭാസംനിറഞ്ഞ സന്ദേശങ്ങള്‍ അയക്കുകയും ചെയ്തതായി രമ്യ പരാതിപ്പെട്ടു. രമ്യയെ അധിക്ഷേപിച്ചവരുടെ പേരില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്ക്ക് കത്തു നല്‍കിയിരുന്നു.
അതിനിടെ രമ്യയെ പിന്തുണച്ച് നടൻ ശിവരാജ്കുമാറും ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ ഗീതാ ശിവരാജ്കുമാറും രംഗത്തെത്തി. രമ്യക്കെതിരേ നടന്ന അധിക്ഷേപത്തെ അപലപിക്കുന്നതായി ഇരുവരും സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ച സന്ദേശത്തില്‍ പറഞ്ഞു.
