ഭുവനേശ്വർ: ഒഡീഷയിലെ പുരുണപാണി റെയിൽവേ സ്റ്റേഷന് സമീപമുള്ള ദാലുപാലിക്കടുത്ത് നടന്ന അതിരുവിട്ട സംഭവവികാസങ്ങളാണ് ഇപ്പോൾ സൈബറിടത്ത് ചർച്ചയാകുന്നത്. റീൽ ചിത്രീകരിക്കാനായി മൂന്ന് ആൺകുട്ടികൾ ചെയ്ത സാഹസികതയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇനി ഇവർ എന്ത് സാഹസികതയാണ് കാണിച്ചതെന്നല്ലേ? റെയിൽവേ ട്രാക്കിൽ ട്രെയിൻ വരുന്ന സമയം ട്രാക്കിനോട് ചേർന്ന് ഒരു ആൺകുട്ടി കിടക്കുന്നതാണ് കുട്ടികൾ ചിത്രീകരിച്ച വീഡിയോയിൽ കാണുന്നത്.
ഭാഗ്യമെന്നോ, ദൈവാനുഗ്രഹമെന്നോ, ആയുസെത്തിയില്ലെന്നോ എന്ത് വേണമെങ്കിലും പറയാം ആ ആൺകുട്ടിക്ക് ഒന്നും സംഭവിച്ചില്ല. ട്രെയിൻ കടന്നു പോയതിന് ശേഷം സംഭവത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന ബാക്കി രണ്ട് കുട്ടികളും ആർപ്പുവിളിക്കുന്നതായും പുറത്തുവന്ന വീഡിയോയിലുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ പിന്നാലെ കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ സോഷ്യൽ മീഡിയയിൽ വൈറലാവാനാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നാണ് കുട്ടികൾ പോലീസിനോട് പറഞ്ഞത്.
