മുംബൈ: ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ മേക്കപ്പ് കഴുകിക്കളയാൻ നദിയിലിറങ്ങിയ 26 വയസ്സുള്ള നർത്തകൻ മുങ്ങി മരിച്ചു. റിതേഷ് ദേശ്മുഖിന്റെ ‘രാജാ ശിവാജി’ എന്ന സിനിമയുടെ സെറ്റിലെ നൃത്തകനായ സൗരഭ് ശർമ്മയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ കൃഷ്ണ നദികളുടെ സംഗമസ്ഥാനമായ സതാര ജില്ലയിലാണ് അപകടം നടന്നത്. മേക്കപ്പ് കഴുകിക്കളയാൻ നദിയിൽ ഇറങ്ങിയപ്പോളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം.
ചൊവ്വാഴ്ച വൈകുന്നേരം വർണ്ണാഭമായ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഒരു ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം. നദിയിൽ മേക്കപ്പ് കഴുകി കളയാൻ ശ്രമിക്കവെ ശർമ്മ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒഴുകിപ്പോയി. രാത്രിയുടെ മറവിൽ ശർമ്മയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആദ്യം പരാജയപ്പെട്ടു. രണ്ടു ദിവസത്തോളം നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. അപകട മരണത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം നടന്നുവരികയാണ്. മറാഠാ ചക്രവർത്തി ശിവാജിയുടെ ജീവിതം പറയുന്ന ചിത്രത്തിൽ റിതേഷ് തന്നെയാണ് നായകനായും അഭിനയിക്കുന്നത്.
