ഇടുക്കിയിലെ നവജാത ശിശുവിന്റെ മൃതദേഹം: ജനിച്ചയുടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി, അമ്മ പിടിയിൽ




തൊടുപുഴ: ഇടുക്കി രാജകുമാരി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ ശരീര ഭാഗം ലഭിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രസവിച്ച ഉടനെ കുട്ടിയെ കൊലപ്പെടുത്തി മാതാവ് കുഴിച്ചിടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി രാജാക്കാട് പൊലീസ് അറിയിച്ചു. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് ഝാർഖണ്ഡ് സ്വദേശിനിയായ പൂനം സോറൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അമ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ഝാർഖണ്ഡ് സ്വദേശിനിയായ 21 വയസ്സുള്ള പൂനം സോറന്റെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചു. അതിനുശേഷമാണ് ഝാർഖണ്ഡ് സ്വദേശിയായ മറ്റൊരു യുവാവ് ഇവർക്കൊപ്പം താമസമാരംഭിച്ചത്. ഗർഭിണിയാണെന്ന വിവരം യുവതി ഇയാളിൽ നിന്ന് മറച്ചു വച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സുഖമില്ലെന്ന് പറഞ്ഞ് ഇവർ ജോലിക്ക് പോയിരുന്നില്ല. ആരും അറിയാതെ പെൺകുഞ്ഞിനെ പ്രസവിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്നാണ് പൊലീസിന്റെ നിഗമനം.

യുവതിയോടൊപ്പം ഇപ്പോഴുള്ള യുവാവിന് ഇക്കാര്യം അറിവുണ്ടായിരുന്നില്ല. കുട്ടി ഉണ്ടായ കാര്യം അറിഞ്ഞാൽ ഇയാൾ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് കൃത്യം ചെയ്തതെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ നവജാത ശിശുവിൻ്റെ ശരീരാവശിഷ്ടം കണ്ടെത്തിയത്. രാജാക്കാട് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണിതെന്ന് കണ്ടെത്തിയിരുന്നു.



മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചതുകൊണ്ട് കുഴിച്ചിട്ടതാണെന്നാണ് ദമ്പതികൾ പൊലീസിനോട് പറഞ്ഞിരുന്നത്. സംശയം തോന്നിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. നവജാത ശിശുവിൻ്റെ ശരീരാവശിഷ്ടങ്ങൾ ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. 9 മാസം തികഞ്ഞു ജനിച്ച കുട്ടിയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് കുട്ടിയുടെ മാതാവിനെ വിശദമായി ചോദ്യം ചെയ്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: