ന്യൂഡൽഹി: നിയമസഭകളിൽ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് സമയപരിധി ഏർപ്പെടുത്തിയുള്ള സുപ്രീംകോടതിയുടെ വിധിയിൽ രാഷ്ട്രപതി ഉന്നയിച്ച ചോദ്യങ്ങൾ ഭരണഘടനാ ബഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് രാഷ്ട്രപതിയുടെ റഫറൻസിൽ ചൊവ്വാഴ്ച വാദം കേൾക്കുക. ഭരണഘടനയില്ലാത്ത കാര്യം നിർദ്ദേശിക്കാൻ കോടതിക്ക് അധികാരം ഉണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചത്.
തമിഴ്നാട് നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഗവർണ്ണർ പിടിച്ചു വച്ചതിനെതിരായ ഹർജികളിലാണ് ഈ വർഷം ഏപ്രിലിൽ ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവർ ഉൾപ്പെട്ട ബഞ്ച് നിർണ്ണായ വിധി പ്രസ്താവിച്ചത്. ഗവർണ്ണർക്ക് മുന്നിൽ ബില്ലെത്തിയാൽ ഒന്നു മുതൽ മൂന്നു മാസത്തിനകം തീരുമാനം എടുക്കണം. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിലും മൂന്നു മാസം ആയിരിക്കും സമയപരിധി. ഗവർണ്ണർ പിടിച്ചു വച്ച ബില്ലുകൾ എല്ലാ പാസ്സായതായി കണക്കാക്കാമെന്നും കോടതി വിധിച്ചിരുന്നു.
പതിനാല് ചോദ്യങ്ങളാണ് ഈ വിധിയിൽ രാഷ്ട്രപതി സുപ്രീംകോടതിയോട് ആരാഞ്ഞത്. ഭരണഘടനയിൽ പറയാത്ത സമയപരിധി നിശ്ചയിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ടോ എന്നതാണ് ഒന്നാമത്തെ ചോദ്യം. രാഷ്ട്രപതിയുടെയും ഗവർണ്ണറുടെയും വിവേചന അധികാരത്തിൽ ഇടപെടാൻ ഭരണഘടനയുടെ 142-ാം അനുച്ഛേദം അനുസരിച്ച് കോടതിക്ക് അധികാരം ഉണ്ടോ എന്ന ചോദ്യവും രാഷ്ട്രപതി ഉന്നയിച്ചു. ഗവർണ്ണർ ഒപ്പിടാത്ത ബില്ലുകൾ എങ്ങനെ നിയമമായി കണക്കാക്കാമെന്ന ചോദ്യവും രാഷ്ട്രപതിയുടെ റഫറൻസിലുണ്ട്. ഗവർണ്ണർക്കെതിരെ കേരളം നൽകിയ ഹർജി തമിഴ്നാട് കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ പിൻവലിച്ചിരുന്നു.
ഗവർണ്ണർമാരുടെ നടപടികൾക്ക് സുപ്രീംകോടതി വിധി കടുത്ത തിരിച്ചടിയായ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ റഫറൻസിലൂടെയുള്ള എതിർ നീക്കം സർക്കാർ നടത്തിയത്. രാഷ്ട്രപതിക്ക് നിർദ്ദേശം നല്കാൻ കോടതിക്ക് അധികാരം ഇല്ലെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ആഞ്ഞടിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ബിആർ ഗവായി അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, പിഎസ് നരസിംഹ, എഎസ് ചന്ദ്രുക്കർ എന്നിവരും അംഗങ്ങളാണ്
