ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകള്‍ ചുമത്തി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്തിനെ പ്രതി ചേര്‍ത്ത് പേട്ട പോലീസ്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. സുകാന്തിനെതിരെ ഗുരുതര ആരോപണവുമായി ഐബി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു.


മകളെ ആത്മഹത്യയിലേക്ക് നയിച്ചത് സുകാന്താണെന്നായിരുന്നു ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പറഞ്ഞത്. മകള്‍ ലൈംഗിക, സാമ്പത്തിക ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. മരിക്കുന്ന സമയത്ത് മകളുടെ അക്കൗണ്ടില്‍ 1000 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശമ്പളം അടക്കം മകള്‍ സുകാന്തിന് അയച്ചു നല്‍കിയിരുന്നു. രാജസ്ഥാനിലെ പരിശീലന ക്ലാസ്സില്‍ മകള്‍ക്കൊപ്പം സുകാന്തും ഉണ്ടായിരുന്നു. 2024 മെയിലാണ് ചെറിയ തുക ആദ്യം മകളുടെ അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തത്. 2024 ഒക്ടോബര്‍ മുതല്‍ മുഴുവന്‍ ശമ്പളത്തുകയും അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്ത് തുടങ്ങിയെന്നും പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ സുകാന്തിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടി സുകാന്ത് ഹൈക്കോടതിയെ സമീപിച്ചു.

കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പങ്കില്ലെന്നുമായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുകാന്ത് പറഞ്ഞത്.

ഒരു ഘട്ടത്തിലും ഐബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയിട്ടില്ല. സ്‌നേഹത്തോടെയും ബഹുമാനത്തോടെയും സുരക്ഷിതത്വം ഉറപ്പുവരുത്തിയുമാണ് എപ്പോഴും ഇടപഴകിയത്. ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. സത്യസന്ധമായ സ്‌നേഹവും നിറഞ്ഞ പിന്തുണയുമാണ് എപ്പോഴും ഐബി ഉദ്യോഗസ്ഥയോട് പ്രകടിപ്പിച്ചതെന്നും ഇയാള്‍ പറഞ്ഞിരുന്നു. അതേസമയം രക്ഷപ്പെടാന്‍ സുകാന്ത് എന്തും ചെയ്യുമെന്നായിരുന്നു ഇതിനോട് ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പ്രതികരിച്ചത്. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്. വിവാഹാലോചന നടന്നിട്ടില്ല. സുകാന്തിന്റെ വീട്ടുകാര്‍ ഇങ്ങോട്ടോ തങ്ങള്‍ അങ്ങോട്ടോ പോയിട്ടില്ല. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്നും പിതാവ് പറഞ്ഞിരുന്നു.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: