റോഡ് ഷോയിലൂടെ അരങ്ങേറ്റം; കെജ്‌രിവാളിന്റെ വിടവ് നികത്താൻ പ്രചരണത്തിനിറങ്ങി ഭാര്യ സുനിത

ന്യൂഡല്‍ഹി: ആദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍. ഭർത്താവിന്റെ അഭാവം നികത്താൻ വേണ്ടിയാണ് സുനിത തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. ഈസ്റ്റ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായി വന്‍ റോഡ് ഷോ നടത്തിയാണ് സുനിത പ്രചരണത്തിനിറങ്ങിയത്

ഒരു വാഹനത്തിന്റെ സണ്‍റൂഫില്‍ നിന്നുകൊണ്ട് സുനിത കെജ്‌രിവാള്‍ ഈസ്റ്റ് ഡല്‍ഹിയിലെ കോണ്ട്ലി ഏരിയയിലെ വോട്ടര്‍മാരെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തു. മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയച്ചിരുന്നു. കെജ്‌രിവാളിനെ സിംഹമെന്ന് വിശേഷിപ്പിച്ച സുനിത അദ്ദേഹത്തെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും റോഡ് ഷോയില്‍ പറഞ്ഞു. സ്‌കൂളുകള്‍ പണിതതിനും സൗജന്യ വൈദ്യുതി നല്‍കിയതിനും മൊഹല്ല ക്ലിനിക്കുകള്‍ തുറന്നതിനുമാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ജയിലിലാക്കിയതെന്നും അവര്‍ പറഞ്ഞു. ഏകാധിപത്യം ഇല്ലാതാക്കാനും ജനാധിപത്യം സംരക്ഷിക്കാനും എഎപിക്ക് വോട്ട് ചെയ്യണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

നേരത്തെ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികൾ നടത്തിയ ഇൻഡ്യ മുന്നണിയുടെ പ്രതിപക്ഷ മഹാറാലിയിലും സുനിത പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം ജാർഖണ്ഡിൽ നടന്ന പ്രതിപക്ഷ കക്ഷികളുടെ തിരഞ്ഞെടുപ്പ് റാലിയിൽ ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറന്റെ കൂടെ സുനിത പങ്കെടുത്തിരുന്നു. ഇഡി അറസ്റ്റലായിരിക്കുന്ന സമയത്ത് കെജ്‌രിവാളിന്റെ സുപ്രധാന സന്ദേശങ്ങൾ പ്രവർത്തകരിലും ജനങ്ങളിലുമെത്തിച്ചതും സുനിതയായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: