തിരുവനന്തപുരം : സഹോദരിയെ ശല്യം ചെയ്യരുതെന്ന് വിലക്കിയ ഡിഗ്രി വിദ്യാർത്ഥിയായ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു. പൂവാർ മദർ തെരേസ നഗറിൽ മാർട്ടിൻ ബാബു (23) വിനാണ് കൈയിൽ കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ബാലരാമപുരം സ്വദേശിയായ പ്രതിക്കെതിരെ വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സഹോദരിയെ പ്രതി ഫോണിൽ വിളിച്ച് സംസാരിക്കുന്നത് മാർട്ടിൻ വിലക്കിയിരുന്നു.
ഇതേച്ചൊല്ലി അസഭ്യം പറഞ്ഞപ്പോൾ സംഭവത്തെക്കുറിച്ച് നേരിൽക്കണ്ട് സംസാരിക്കാമെന്ന് മാർട്ടിൻ പറഞ്ഞു. തുടർന്ന് സംഭവദിവസം രാത്രി മാർട്ടിനും അഞ്ച് സുഹൃത്തുക്കളും ഉച്ചക്കടവട്ടവിള കുരിശടിക്ക് സമീപം എത്തി. പ്രതിയും രണ്ട് സുഹൃത്തുക്കളും അവിടെയെത്തി. റോഡ് സൈഡിൽ നിന്ന് മാറി സംസാരിക്കാമെന്ന് പറഞ്ഞ് കാറിലും ബൈക്കിലുമായി വെങ്ങാനൂർ നീലകേശിക്ക് സമീപത്തെ വയലിൽ എത്തുകയും അവിടെ വെച്ച് വാക്ക് തർക്കമുണ്ടാകുകയും ചെയ്തു. ഈ തർക്കത്തിനിടെ പ്രതി ഇടുപ്പിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് മാർട്ടിനെ കുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
മാർട്ടിൻ്റെ ഇടതുകൈമുട്ടിൽ കുത്തേറ്റെന്നും ആറ് സ്റ്റിച്ചുകളുണ്ടെന്നും വിഴിഞ്ഞം പോലീസ് അറിയിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, പ്രതി ഒളിവിലാണെന്ന് മനസ്സിലാക്കി. പ്രതിയെ കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.
