ലക്നൌ: സ്കൂൾ ബസ് തടഞ്ഞ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ റീജിയണൽ ഇൻസ്പെക്ടർ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ചിത്രകൂടിൽ വച്ചാണ് സംഭവം. വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം വന്നതിനാലാണ് റീജിയണൽ ഇൻസ്പെക്ടർ അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്കെതിരെ നടപടി എടുത്തത്.
ചൊവ്വാഴ്ചയാണ് ചിത്രകൂടിലെ ഒരു സ്കൂളിലെ വിദ്യാർത്ഥികളുമായി എത്തിയ ബസുകളാണ് എആർടിഒ എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. ബസിന്റെ ഫിറ്റ്നെസ് കാലാവധി തീർന്നെന്ന് വിശദമാക്കിയായിരുന്നു മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ നടപടി. പിടിച്ചെടുത്ത വാഹനം പത്ത് കിലോമീറ്ററോളം അകലെയുള്ള ഫയർ സർവ്വീസ് കോപ്ലെക്സിലേക്ക് എത്തിച്ചിരുന്നു. ബസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് ഇതുമൂലമുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണ് യുപി സർക്കാരിന്റെ നടപടി. രാവിലെ 11.15 മുതൽ 1 മണി വരെയാണ് സ്കൂൾ ബസുകൾ എംവിഡി പിടിച്ച് വച്ചത്. വിദ്യാർത്ഥികളെ സ്കൂളിലെത്തിച്ച ശേഷം ബസിന്റെ ഫിറ്റ്നെസ് പരിശോധിക്കാനുള്ള മേൽ ഉദ്യോഗസ്ഥന്റെ നിർദ്ദേശം പാലിക്കാതെ വന്നതിന് പിന്നാലെയാണ് അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറെയും അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്.

