ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ നേരിട്ടത് വൻ തിരിച്ചടി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഹർജി പരിഗണിക്കുന്നത് വരെ ഡൽഹി ഹൈക്കോടതി കെജ്രിവാളിന്റെ വിടുതൽ ഉത്തരവ് താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്‍രിവാളിനു ജാമ്യം അനുവദിച്ചത്.
ജാമ്യം നൽകിയതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. വാദങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഇ.ഡിയുടെ ഹർജിയിൽ ഹൈക്കോതി അടിയന്തരമായി വാദം കേൾക്കും. ഹർജി പരിഗണിക്കുന്നതു വരെയാണു ജാമ്യം സ്റ്റേ ചെയ്തത്. ഈ ഹർജി തീർപ്പാകുന്നതുവരെ കേജ്‍രിവാളിനു ജയിൽ മോചിതനാകാൻ സാധിക്കില്ലെന്നാണു സൂചന.
ജാമ്യ ഹർജിയിൽ രാവിലെ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയ കോടതി വ്യാഴാഴ്ച രാത്രി ഏഴോടെയാണു ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും നിർദേശിച്ചു. ഉത്തരവ് ബാധകമാക്കുന്നത് 48 മണിക്കൂർ സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം തള്ളിയാണു ജഡ്ജി നിയായ് ബിന്ദു ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കേജ്‌രിവാൾ ജയിൽ മോചിതനാകുമെന്നാണ് എഎപി നേതാക്കൾ കരുതിയത്. അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു.
കേജ്‌രിവാൾ പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ അപ്പീൽ കോടതിയെ സമീപിക്കാനാണു സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇ.ഡി ഉന്നയിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു ഗോവയിൽ കേജ്‌രിവാൾ തങ്ങിയ ആഡംബര ഹോട്ടലിന്റെ ബിൽ അടച്ചത് അഴിമതി പണം ഉപയോഗിച്ചാണെന്നതടക്കം നേരത്തേ ഉന്നയിച്ചിരുന്ന വാദങ്ങളാണ് ജാമ്യത്തെ എതിർത്തും ഇ.ഡി അവതരിപ്പിച്ചത്. ജാമ്യ ആവശ്യം തള്ളാൻ പോന്ന വാദങ്ങൾ ഇ.ഡിക്ക് ഉന്നയിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു റൗസ് അവന്യൂവിലെ പ്രത്യേക കോടതിയുടെ നിരീക്ഷണം. തുടർന്നാണ് ഹൈക്കോടതിയെ ഇ.ഡി സമീപിച്ചത്.

