തിരുവനന്തപുരം: പഴയ പാഠപുസ്‌തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതലുള്ള പാഠപുസ്‌തകങ്ങൾ ആണ് ഇനി ഒറ്റ ക്ലിക്കിൽ ലഭ്യമാവുന്നത്. പണ്ട് പഠിച്ച പുസ്തകങ്ങൾ ഒരു നോക്ക് കൂടി കാണാൻ കൊതിച്ച ആളുകൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് വിദ്യാഭ്യാസ വകുപ്പ് അവതരിപ്പിച്ചത്. വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തത്.
‘സ്കൂൾ പഠനകാലത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്നാണ് അതത് കാലത്തെ പാഠപുസ്തകങ്ങൾ. മിക്കവരുടെയും പക്കൽ അന്ന് പഠിച്ചിരുന്ന പാഠപുസ്തകങ്ങൾ ഉണ്ടാവില്ല. ആ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലൂടെ ഒന്ന് കൂടെ പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകാം.
അതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കുന്നു. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിലെന്നും’- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ലൈബ്രറിക്ക് അനുബന്ധമായി ടെക്സ്റ്റ് ബുക്ക് ആര്‍ക്കൈവ്‌സും നിലവിലുണ്ട്. നിരവധി വര്‍ഷങ്ങളായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള പാഠപുസ്തകങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. കാലപ്പഴക്കം കൊണ്ട് പല പുസ്തകങ്ങളും ഉപയോഗശൂന്യമാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യം എസ്.സി.ഇ.ആര്‍.ടി. ഗവേണിംഗ് ബോഡി യോഗം വിശദമായി ചര്‍ച്ച ചെയ്യുകയും നിലവിലെ ആര്‍ക്കൈവ്‌സ് ഡിജിറ്റൈസ് ചെയ്യുന്നതിന് തീരുമാനം കൈക്കൊള്ളുകയും ചെയ്തു.
ഇതിന്റെ ഭാഗമായി നിലവില്‍ 1250ലധികം പാഠപുസ്തകങ്ങളാണ് ഡിജിറ്റൈസ് ചെയ്തിട്ടുള്ളത്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളുടെ ഏകദേശം 1,50,000 പേജുകള്‍ ഇതിനോടകം ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു.’ ഈ പ്രവര്‍ത്തനം ഇനിയും തുടരേണ്ടതുണ്ട്. ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
