ചരിത്ര വിജയമായി ദേവദൂതൻ; കോടി ക്ലബ് പ്രതീക്ഷിച്ചില്ലെന്ന് നിർമ്മാതാവ്

ഇന്ത്യന്‍ സിനിമയിലെ റീ റിലീസ് ട്രെന്‍ഡില്‍ പല ഭാഷകളില്‍ നിന്നും ചിത്രങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍ ഒറിജിനല്‍ റിലീസിന്‍റെ സമയത്തേ വിജയിച്ച ചിത്രങ്ങളാണ് മിക്കപ്പോഴും റീ റിലീസ് ആയും എത്തുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഒറിജിനല്‍ റിലീസ് സമയത്ത് പരാജയപ്പെട്ട ചിത്രങ്ങളും റീ റിലീസ് ആയി എത്താറുണ്ട്. അതിലൊന്നാണ് മലയാളത്തില്‍ നിന്ന് സമീപകാലത്ത് റീ റിലീസ് ആയി എത്തിയ മോഹന്‍ലാല്‍ ചിത്രം ദേവദൂതന്‍. സിബി മലയിലില്‍ സ്വന്തം സിനിമാജീവിതത്തില്‍ ഏറ്റവും വിയര്‍പ്പൊഴുക്കി ഒരുക്കിയ ചിത്രം അതിന്‍റെ സംഗീതം കൊണ്ട് അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വേറിട്ട രീതിയിലുള്ള കഥപറച്ചിലുമായെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ആദ്യദിനം തന്നെ കൈയൊഴിഞ്ഞു. രണ്ടാം വരവില്‍ ചിത്രം എത്തുമ്പോള്‍ കോടി ക്ലബ്ബ് ഒന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും തങ്ങളുടെ എഫര്‍ട്ട് തിരിച്ചറിയണമെന്നേ ഉള്ളൂവെന്നും നിര്‍മ്മാതാവ് സിയാദ് കോക്കര്‍ പറഞ്ഞു. എന്നാല്‍ രണ്ടാം വരവില്‍ സിനിമാപ്രേമികള്‍ ചിത്രത്തെ സ്നേഹം കൊണ്ട് മൂടിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.




ജൂലൈ 26 ന് ആയിരുന്നു ചിത്രത്തിന്‍റെ റീ റിലീസ്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫോറം റീല്‍സിന്‍റെ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതിനകം നേടിയത് 4 കോടിക്ക് മുകളിലാണ്. മറ്റ് വിദേശ മാര്‍ക്കറ്റുകളിലെ കളക്ഷനും ചേര്‍ത്ത് ആകെ ആഗോള കളക്ഷന്‍ 5.2 കോടി. ഒരു റീ റിലീസ് ചിത്രത്തെ സംബന്ധിച്ച് ഇത് മികച്ച കളക്ഷനാണെന്ന് മാത്രമല്ല, മലയാളത്തില്‍ റെക്കോര്‍ഡുമാണ്.


വിശാൽ കൃഷ്ണമൂർത്തി എന്ന സംഗീതജ്ഞനെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. അതിനാല്‍ത്തന്നെ സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ജയപ്രദ, ജനാർദ്ദനൻ, മുരളി, വിനീത്, ജഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ മോഹന്‍ലാലിനൊപ്പം ചിത്രത്തിൽ അണിനിരന്നിരുന്നു.  കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസിന്‍റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: