മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ‘ദേവദൂതൻ’ ദേശീയ പുരസ്കാരത്തിനായി മത്സരിക്കുമെന്ന് നിർമാതാവ് സിയാദ് കോക്കർ. 24 വർഷങ്ങൾക്ക് ശേഷം ‘ദേവദൂതൻ’ റീറിലീസ് ചെയ്ത സാഹചര്യത്തിലാണ് നിർമാതാവിൻ്റെ പ്രതികരണം. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവദൂതൻ ദേശീയ പുരസ്കാരത്തിനായി മത്സരിക്കും. ചിത്രത്തിന് അതിനുള്ള അർഹതയുണ്ട്. അതിനുള്ള നിയമങ്ങൾ എന്താണെന്ന് അറിയില്ല. പക്ഷേ നിയമങ്ങൾ പൊളിച്ചെഴുതാൻ എന്നെക്കൊണ്ട് സാധിച്ചെന്നിരിക്കും. നിയമപരമായ വഴികളുണ്ട്, പ്രിയങ്കരനായ സുരേഷ് ഗോപിയുണ്ട്, സർക്കാരിനെ സമീപിക്കാം. നിയമപരമായി ഞാൻ പോരാടിക്കഴിഞ്ഞാൽ സർക്കാരിന് വിരോധം തോന്നാത്ത തരത്തിൽ അംഗീകരിക്കാം. സിബി മലയിൽ, രഘുനാഥ് പലേരി, വിദ്യാസാഗർ തുടങ്ങിയവർ ദേശീയപുരസ്കാരം അർഹിക്കുന്നുണ്ട്. സിനിമയിൽ വർക്കുചെയ്ത എല്ലാവരും അത് അർഹിക്കുന്നു. ഞാൻ എന്തായാലും പോരാടും’, സിയാദ് കോക്കർ പറഞ്ഞു.
2000-ത്തിൽ പുറത്തിറങ്ങിയ ദേവദൂതൻ്റെ തിരക്കഥ രഘുനാഥ് പലേരിയുടെതാണ്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. വിദ്യാസാഗർ ആയിരുന്നു സംഗീതം.
സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായി മോഹൻലാലും, വിശാൽ തൻ്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകൾ രചിക്കാൻ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ. കൗതുകമുണർത്തുന്ന പ്ലോട്ടും മോഹൻലാലിൻ്റെ ശ്രദ്ധേയമായ പ്രകടനവും വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞൻ്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാൻ പ്രേക്ഷകർക്കിടയിൽ ആക്കം കൂട്ടുന്നുണ്ട്.

