ന്യൂഡൽഹി: ദേവഗൗഡയെ പുറത്താക്കിയതായി പ്രമേയം പാസ്സാക്കി സി കെ നാണു വിഭാഗം. ദേശീയാധ്യക്ഷപദവിയിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നുമാണ് പുറത്താക്കിയത്. ബെംഗളുരുവിൽ ചേർന്ന പ്ലീനറി യോഗത്തിലാണ് നടപടി. ദേവഗൗഡയെ പുറത്താക്കിയ പ്രമേയവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാൻ സി കെ നാണു വിഭാഗത്തിന്റെ തീരുമാനം. അതേ സമയം കെ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും യോഗത്തിൽ പങ്കെടുത്തില്ല.
വെള്ളിയാഴ്ച ബെംഗളുരുവിൽ നടന്ന ദേശീയ എക്സിക്യൂട്ടീവിൽ സി കെ നാണുവിനെ പുറത്താക്കിയതായി ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. ദേശീയ പ്രസിഡന്‍റ് പദവിയിൽ തുടരവേ വൈസ് പ്രസിഡന്‍റായ സികെ നാണു സമാന്തരയോഗം വിളിച്ചത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയതെന്ന് ദേവഗൗഡ വ്യക്തമാക്കിയിരുന്നു. നേരത്തേ കർണാടക സംസ്ഥാനാധ്യക്ഷനായ സി എം ഇബ്രാഹിമിനെ ദേവഗൗഡ പുറത്താക്കിയിരുന്നു. 2024-ൽ പുതുതായി സംസ്ഥാനസമിതികൾ പുനഃസംഘടിപ്പിക്കുമെന്നും എച്ച് ഡി ദേവഗൗഡ പറഞ്ഞു. തിങ്കളാഴ്ച സി കെ നാണുവും സി എം ഇബ്രാഹിമും ചേർന്ന് ബെംഗളുരുവിൽ ജെഡിഎസ്സിൽ തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ സിഎം ഇബ്രാഹിമും സികെ നാണുവും വിളിച്ചുചേര്‍ക്കുന്ന യോഗം പാര്‍ട്ടി വിരുദ്ധമാണെന്നും യോഗത്തിന് ദേശീയ നേതൃത്വത്തിന്‍റെ അംഗീകാരമില്ലെന്നും ദേവഗൗഡ പറഞ്ഞു.
ജെഡിഎസ് ദേശീയ നേതൃത്വം എന്‍ഡിഎയുടെ ഭാഗമായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. എന്‍ഡിഎയില്‍ ചേര്‍ന്നതിനെതിരെ സികെ നാണു, സിഎം ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. അതേസമയം, ജെഡിഎസ്സിലെ എൻഡിഎ വിരുദ്ധനീക്കത്തിനൊപ്പം നിൽക്കാതെ ഒളിച്ചുകളി തുടരുകയാണ് കേരളത്തിലെ ജെഡിഎസ് നേതൃത്വം. ബിജെപിക്കൊപ്പം പോയ ദേവഗൗഡയുടെ നിർദ്ദേശം അനുസരിച്ച് സികെ നാണു പക്ഷത്തെ തള്ളിപ്പറയുന്ന കേരള നേതൃത്വത്തിൻറെ നിലപാട് മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎമ്മിനും വെല്ലുവിളിയാണ്. ഒപ്പം വന്നില്ലെങ്കിൽ മന്ത്രി സ്ഥാനത്തു നിന്നും കൃഷ്ണൻകുട്ടിയെ മാറ്റണമെന്ന് സികെ നാണു വിഭാഗം സിപിഎമ്മിനോട് ആവശ്യപ്പെടാനിരിക്കെയാണ് ദേവഗൗഡ അച്ചടക്ക നടപടി സ്വീകരിച്ചത്.
