ആന്ധ്രാപ്രദേശ്: 19 വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് പൊലീസില്‍ കീഴടങ്ങി. മകളുടെ പ്രണയബന്ധം അംഗീകരിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഗുണ്ടക്കല്‍ സ്വദേശി രാമാഞ്ജനേയുലു കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അനന്ത്പൂർ ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഭരതി എന്ന പെണ്‍കുട്ടി കുര്‍ണൂലില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
അതേസമയം ഭാരതി അഞ്ചുവര്‍ഷമായി ഹൈദരാബാദില്‍ ബിരുദവിദ്യാര്‍ത്ഥിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം ഭാരതിയുടെ മാതാപിതാക്കള്‍ അറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ബന്ധം അംഗീകരിക്കാന്‍ മാതാപിതാക്കൾ തയ്യാറായിരുന്നില്ല. തുടർന്ന് എതിര്‍പ്പ് ശക്തമായപ്പോള്‍ ഭാരതി അമ്മയോട് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് രാമാഞ്ജനേയുലു മകളെ കൊലപ്പെടുത്തിയത്. മകളെ ഹോസ്റ്റലില്‍ നിന്നും വിളിച്ച് കൊണ്ടുവന്ന് കസപുരം ഗ്രമത്തിലെ വീടിനടുത്തുള്ള മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. കൂടാതെ മൃതശരീരം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു.
അനന്ത്പൂർ ജില്ലയിലെ ഗുണ്ടക്കൽ പട്ടണത്തിലെ തിലക് നഗറിൽ താമസിക്കുന്ന തുപാകുല രാമ ആഞ്ജനേയുലുവിന്റെ നാല് പെൺമക്കളിൽ ഇളയവളായിരുന്നു ഭാരതി. നാല് മക്കളില്‍ വിദ്യാഭ്യാസം ലഭിച്ചത് ഭാരതിക്ക് മാത്രമായിരുന്നെന്നും കുടുംബത്തിന് ഭാരതിയില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. മറ്റ് കുടുംബാംഗങ്ങൾക്ക് കൃത്യത്തിൽ പങ്കുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണ്.
2024 ഡിസംബറിൽ തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ മറ്റൊരു ദുരഭിമാനക്കൊല കേസിൽ, ഒരു വനിതാ പോലീസ് കോൺസ്റ്റബിളിനെ അവരുടെ സഹോദരൻ കൊലപ്പെടുത്തി. 2020 ബാച്ച് പോലീസ് കോൺസ്റ്റബിളായ നാഗമണി, കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഒരു പുരുഷനെ വിവാഹം കഴിച്ചതായും ഇത് കുടുംബത്തിനുള്ളിൽ സംഘർഷത്തിന് കാരണമായതായും റിപ്പോർട്ടുണ്ട്
